Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് നന്നാക്കിയില്ല: ആദിവാസികൾ മരാമത്ത് ജീവനക്കാരെ ആറര മണിക്കൂർ പൂട്ടിയിട്ടു

SaMaram സ‘മര’ക്കൊമ്പിൽ... മുണ്ടേങ്ങര–പുള്ളിപ്പാടം–വീട്ടിക്കുന്ന് കോളനി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ മഞ്ചേരി മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ നടത്തിയ പ്രതിഷേധത്തിനിടെ സമിതി പ്രവർത്തകരായ കുമാർദാസും സുധീഷും ഓഫിസ് വളപ്പിൽ ആൽമരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയപ്പോൾ. ചിത്രം: മനോരമ

മഞ്ചേരി ∙ കോളനിയിലേക്കുള്ള റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധവുമായി എത്തിയ ആദിവാസികൾ തഹസിൽദാരും എക്സിക്യൂട്ടീവ് എൻജിനീയറും ഉൾപ്പെടെ 20 ജീവനക്കാരെ ആറര മണിക്കൂർ ഓഫിസിൽ പൂട്ടിയിട്ടു. ചർച്ച ലക്ഷ്യം കാണാതെ വന്നപ്പോൾ പ്രതിഷേധക്കാരിൽ രണ്ടുപേർ ആൽമരത്തിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതു നാടകീയ നിമിഷങ്ങൾ സൃഷ്ടിച്ചു.

മമ്പാട് പഞ്ചായത്തിലെ വീട്ടിക്കുന്ന് മാടം കല്ലുവാരി ആദിവാസി കോളനിയിലേക്കുള്ള ഏഴു കിലോമീറ്റർ റോഡിന്റെ പേരിലായിരുന്നു ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ കോളനിവാസികളുടെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെയാണു മുപ്പതുപേരടങ്ങുന്ന സമരസംഘം മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലേക്കെത്തിയത്.

ഒന്നോടെ ഓഫിസ് ഉപരോധം തുടങ്ങി. തുടർന്നാണ് ഓഫിസ് പൂട്ടിയത്. ഓഫിസിന്റെ മുൻഭാഗം പൂട്ടിയതിനു പുറമേ തങ്ങൾ കൊണ്ടുവന്ന താഴിട്ട് മറുവശത്തെ വാതിലും സമരക്കാർ പൂട്ടി. കലക്ടറുടെ നിർദേശപ്രകാരം ചർച്ചയ്ക്കെത്തിയ തഹസിൽദാരെയും പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഏറനാട് തഹസിൽദാർ പി.സുരേഷ്, മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ഹരീഷ് എന്നിവർ ഓഫിസിനുള്ളിൽ കുടുങ്ങി.

മുൻപും മരാമത്ത് ഓഫിസിൽ സമരം നടത്തിയിരുന്നുവെന്നും അന്നു നൽകിയ ഉറപ്പുകൾ ലംഘിച്ചതിനാലാണു വീണ്ടും എത്തിയതെന്നും എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ.സുബ്രഹ്മണ്യൻ പറഞ്ഞു. റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തിയെന്നും ഭരണാനുമതിയായെന്നും അറിയിച്ചെങ്കിലും സമരക്കാർ പിന്മാറിയില്ല. അതിനിടെയാണു രണ്ടുപേർ മരത്തിൽ കയറി മുണ്ടിൽ കുരുക്കിട്ടു തൂങ്ങാനൊരുങ്ങിയത്. മൂന്നു തവണ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു.

വൈകിട്ടോടെ എഡിഎം പി.രാമചന്ദ്രൻ, സിഐ എൻ.ബി.ഷൈജു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി.ഇബ്രാഹിം എന്നിവർ വീണ്ടും ചർച്ച നടത്തി. മേയ് 15ന് അകം അറ്റകുറ്റപ്പണി നടത്താമെന്നും 45 ദിവസത്തിനകം മറ്റു പ്രവൃത്തികൾ പൂർത്തിയാക്കാമെന്നുമുള്ള ഉറപ്പ് എഴുതി വാങ്ങിയാണ് ഒടുവിൽ പ്രതിഷേധക്കാർ പിന്മാറിയത്. മരത്തിൽ കയറിയവരെ അനുനയിപ്പിച്ച് താഴെയിറക്കി.