ഇസ്‍ലാമാബാദ്∙ ഉറ്റ സുഹൃത്തും വികസന പദ്ധതികളിലെ പങ്കാളിയുമായിട്ടും അവസാന നിമിഷം പാക്കിസ്ഥാനെ കൈവിട്ട് ചൈന. തീവ്രവാദത്തിനു സാമ്പത്തിക സഹായം കൈപ്പറ്റുന്നതു നിരീക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കു പാക്കിസ്ഥാനെയും ഉൾപ്പെടുത്തിയാണു ചൈന ‘സഹായിച്ചത്’. നടപടിക്കെതിരെ നിലകൊണ്ടിരുന്ന ചൈന മറുകണ്ടം ചാടിയതു പാക്കിസ്ഥാനു തിരിച്ചടിയായി.
പാക്കിസ്ഥാനെ ‘തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടിക’യിൽ (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്– എഫ്എടിഎഫ്) ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ചു ചൈന വോട്ടുചെയ്തു. ഈ ആഴ്ച പാരീസിലായിരുന്നു റിവ്യു മീറ്റിങ് നടന്നത്. നടപടി രാജ്യാന്തര തലത്തിൽ പണമിടപാടുകൾക്കു തടസ്സമാകും. രാജ്യാന്തര വിപണികളിൽനിന്നു കടമെടുക്കുന്നത് ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ സാമ്പത്തിക കാര്യങ്ങൾ പ്രയാസത്തിലാകും. ജൂൺ മുതലാണു ‘ഗ്രേ ലിസ്റ്റ്’ പ്രാബല്യത്തിലാവുക.
ജൂലൈയിൽ പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെ, നീക്കത്തെ മറികടക്കേണ്ടതു സർക്കാരിന് അഭിമാന പ്രശ്നമാണ്. മുൻപ് ഇതുപോലെ നടപടിയുണ്ടായപ്പോൾ രാജ്യാന്തര നാണ്യനിധിയുമായി ചർച്ച നടത്തിയാണു ഒരുവിധം പിടിച്ചുനിന്നത്. തങ്ങൾക്കെതിരായ നീക്കങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഹാഫിസ് സയീദ് ഉൾപ്പെടെയുള്ള ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതായി പാക്കിസ്ഥാൻ അറിയിച്ചിരുന്നു.
സമ്മർദത്തെ തുടർന്നു ചൈന നിലപാടു മാറ്റി
യുഎസ്, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളാണു എഫ്എടിഎഫ് പട്ടികയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താൻ സമ്മർദം ചെലുത്തിയത്. 60 ബില്യൻ ഡോളറിന്റെ വികസന പ്രവർത്തനങ്ങൾ പാക്കിസ്ഥാനിൽ നടത്തുന്നതിനാൽ ചൈന നീക്കത്തെ ആദ്യം എതിർത്തു. എന്നാൽ, മറ്റു രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്നു ചൈന നിലപാടു മാറ്റിയെന്നാണു റിപ്പോർട്ട്. വാർത്തയ്ക്കു പിന്നാലെ പാക്കിസ്ഥാന്റെ ഓഹരിവിപണി 0.6 ശതമാനം നഷ്ടത്തിലാണു കറാച്ചിയിൽ വ്യാപാരം അവസാനിപ്പിച്ചത്.
സൗദി അറേബ്യയും സ്വരം മാറ്റിയപ്പോൾ തുർക്കി പാക്കിസ്ഥാനെ പിന്തുണച്ചെന്നാണു റിപ്പോർട്ട്. എന്നാൽ, വെള്ളിയാഴ്ച എഫ്എടിഎഫ് പുറത്തുവിട്ട പ്രസ്താവനയിൽ പാക്കിസ്ഥാന്റെ പേരു പരാമർശിക്കുന്നില്ല. സാങ്കേതികപ്രശ്നമാണ് ഇതിനുകാരണമെന്നാണു വിശദീകരണം. ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്നുണ്ടെന്നു തെളിയിക്കാൻ മൂന്നുമാസം വരെ സമയം പാക്കിസ്ഥാനു ലഭിക്കും. ഇതിനാലാണ് ഔദ്യോഗികമായി പട്ടിക പുറത്തുവിടാത്തത്.
വൺ ബെൽറ്റ്, വൺ റോഡ് പദ്ധതി (ഒബോർ), ചൈന–പാക്ക് സാമ്പത്തിക ഇടനാഴി (സിപിഇസി), സിൽക്ക് റൂട്ട് (പട്ടുപാത) എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികളാണു ചൈനയുടേതായി പാക്കിസ്ഥാനിലുള്ളത്. സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട നിർമാണങ്ങൾക്കു ‘സംരക്ഷണം’ തേടി ബലൂചിസ്ഥാൻ തീവ്രവാദികളുടെ സഹായം ചൈന തേടുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ നടപടിയെടുക്കാത്ത പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്താൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്. 2001ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാന് യുഎസ് 34 ബില്യൻ ഡോളറിന്റെ സഹായം നൽകിയെന്നാണു കണക്ക്. 2018 തുടക്കത്തിൽ പാക്കിസ്ഥാനുള്ള 1.15 ബില്യൻ ഡോളർ സാമ്പത്തിക സഹായം യുഎസ് തടഞ്ഞുവച്ചു. ധനസഹായം കൈപ്പറ്റിയിട്ടും 15 വർഷമായി പാക്കിസ്ഥാൻ യുഎസിനെ വിഡ്ഢിയാക്കിയെന്നാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയത്.