Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് മുന്നറിയിപ്പ്; സാർക് യോഗത്തിൽനിന്ന് സുഷമ ഇറങ്ങിപ്പോയി

Sushma Swaraj കേന്ദ്രമന്ത്രി സുഷമ സ്വരാജ്.

ന്യൂയോർക്ക്∙ അതിർത്തിയിൽ അശാന്തി പടർത്തുന്ന പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീകരവാദം ഭീഷണിയാണെന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ന്യൂയോർക്കിൽ യുഎൻ ‌പൊതുസഭയുടെ ഭാഗമായി നടന്ന സാർക് മന്ത്രിമാരുടെ യോഗത്തിലാണു സുഷമ പാക്കിസ്ഥാനെതിരെ പ്രസ്താവന നടത്തിയത്.

‘ദക്ഷിണേഷ്യയ്ക്കു ഭീഷണിയാകുന്ന സംഭവങ്ങൾ കൂടുകയാണ്. മേഖലയിലെയും ലോകത്തിന്റെയും ഏറ്റവും വലിയ ഭീഷണിയാണു ഭീകരവാദം. എല്ലാ തരത്തിലുമുള്ള ഭീകരവാദമെന്ന വിപത്തിനെ ഇല്ലാതാക്കേണ്ടതു നമ്മുടെ ആവശ്യമാണ്’– പാക്കിസ്ഥാനെ ലക്ഷ്യമിട്ടു സുഷമ പറഞ്ഞു. പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കുന്നതിനു മുമ്പേ സുഷമ വേദിയിൽനിന്ന് ഇറങ്ങിപ്പോയി. 

യുഎൻ പൊതുസഭാ സമ്മേളന സമയത്തു മന്ത്രിതല ചർച്ച നടത്തണമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കത്തിലൂടെ അഭ്യർഥിച്ചിരുന്നു. എന്നാൽ, ജമ്മു കശ്മീരിൽ സൈന്യത്തെയും പൊലീസിനെയും കൊലപ്പെടുത്തിയതിലും ബുർഹാൻ വാനിയുടെ സ്റ്റാംപ് ഇറക്കിയതിലും പ്രതിഷേധിച്ചു യോഗത്തിൽനിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ വിമർശനങ്ങൾ ഉന്നയിക്കുന്ന വേളയിലാണ് ഇന്ത്യ പരസ്യമായി നിലപാടു വ്യക്തമാക്കിയത്.

സുഷമയുടെ പ്രസ്താവനയ്ക്കെതിരെ പാക്കിസ്ഥാൻ രംഗത്തെത്തി. ‘സാർക് രാഷ്ട്രങ്ങളുടെ പുരോഗതിക്കു ഒരു രാജ്യത്തിന്റെ നിലപാടു തടസ്സം നിൽക്കുകയാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല ഇടപെടൽ കാണുന്നില്ല. യോഗത്തിന്റെ ഇടയ്ക്കുവച്ച് അവർ (സുഷമ സ്വരാജ്) ഇറങ്ങിപ്പോയിരിക്കുന്നു. ചിലപ്പോൾ അവർക്കു സുഖമില്ലാത്തതിനാലായിരിക്കാം. നിർഭാഗ്യകരവും അമ്പരപ്പിക്കുന്നതുമാണിത്’– ഖുറേഷി പറഞ്ഞു.

ഖുറേഷിയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്തതും യാഥാർഥ്യത്തിൽനിന്ന് അകന്നതുമാണെന്നു ഇന്ത്യ പ്രതികരിച്ചു. സാർക്കുമായി ബന്ധപ്പെട്ടു നിരവധി പദ്ധതികൾ ഇന്ത്യ കൈകാര്യം ചെയ്യുന്നു. മേഖലയിലെ മികച്ച കൂട്ടായ്മയായി സാർക്കിനെ വളർത്താൻ ഇന്ത്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. യോഗത്തിൽ നിന്ന് ആദ്യമായി പുറത്തിറങ്ങിയയാൾ സുഷമയല്ല. സുഷമ സ്വരാജ് സംസാരിക്കുന്നതിനു മുമ്പ് അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് മന്ത്രിമാർ വേദി വിട്ടിരുന്നു. പലവിധ യോഗങ്ങൾ ഒരു സ്ഥലത്തു നടക്കുന്ന സാഹചര്യങ്ങളിൽ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോകുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.