Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യശാല: പഞ്ചായത്തിന്റെ ഇളവ് സര്‍ക്കാരിനു തീരുമാനിക്കാമെന്ന് സുപ്രീംകോടതി

x-default x-default

ന്യൂഡല്‍ഹി∙ സംസ്ഥാന, ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വിഷയത്തില്‍, പഞ്ചായത്തുകള്‍ക്ക് ഇളവു നല്‍കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. ഏതൊക്കെയാണ് പട്ടണങ്ങൾ എന്ന് സംസ്ഥാന സർക്കാരിനു തീരുമാനിക്കാം. ഇതിനുള്ള വ്യവസ്ഥകളും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.

ദേശീയ, സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ പൂട്ടാന്‍ 2017 മാര്‍ച്ച് 30ന് സുപ്രീംകോടതി ഉത്തവിട്ടിരുന്നു. ബാറുടമകള്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് മുനിസിപ്പാലിറ്റി മേഖലയില്‍ മദ്യശാലകള്‍ തുറക്കുന്നതിനുള്ള നിയന്ത്രണം സുപ്രീംകോടതി നീക്കിയിരുന്നു. പുതിയ വിധി പുറത്തുവന്നതോടെ ദേശീയ പാതകള്‍ക്ക് അരികിലുള്ള പഞ്ചായത്തുപ്രദേശങ്ങളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം. ഇതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ല. അഞ്ഞൂറോളം കള്ളുഷാപ്പുകള്‍ക്കും, മൂന്ന് ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചാല്‍ തുറന്നു പ്രവര്‍ത്തിക്കാനാകും.

ബാറുകള്‍ ഉള്‍പ്പെടെ ദേശീയ സംസ്ഥാന പാതയോരത്തെ 500 മീറ്റര്‍ പരിധിയില്‍ വരുന്ന എല്ലാ മദ്യശാലകളും പൂട്ടണമെന്നാണ് സുപ്രീകോടതി ഉത്തരവിട്ടത്. പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ക്ക് മാത്രമായി ഉത്തരവ് നിജപ്പെടുത്തണമെന്ന ആവശ്യം അന്ന് കോടതി തള്ളിയിരുന്നു. ഇരുപതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള തദ്ദേശ ഭരണപ്രദേശങ്ങളില്‍ ദൂരപരിധി 200 മീറ്ററായി കുറച്ചു. വിധിയെത്തുടര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ ദേശീയ, സംസ്ഥാന പാതയോരത്തെ 500 മീറ്റർ പരിധിയില്‍ വരുന്ന എല്ലാ മദ്യശാലകളും പൂട്ടി. സംസ്ഥാനത്ത് 1825 മദ്യശാലകളാണ് പൂട്ടിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബ്ബൂകള്‍, 11 പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവയാണ് പൂട്ടിയത്.

പാതയോര മദ്യശാലകള്‍ അനുവദിക്കാനായി ദേശീയ പാതയുടെ പദവി എടുത്തുമാറ്റിയ ചണ്ഡീഗഡ് ഭരണകൂടത്തിന്റെ നടപടി ശരിവച്ച കോടതി പിന്നീട് മുനിസിപ്പല്‍ മേഖലകള്‍ക്ക് ഇളവു നല്‍കി. ഇപ്പോള്‍ പഞ്ചായത്തുകള്‍ക്കും ഇളവ് ബാധകമാക്കി.