കൊച്ചി∙ രണ്ടു പെഗ് കഴിക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ലെന്നും മദ്യം മനുഷ്യനെ കീഴ്പെടുത്താതിരുന്നാൽ മതിയെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി. രാജു. കേരളത്തിൽ മദ്യപിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും ബാറുകൾ തുറക്കുന്നത് അവർക്കൊക്കെ താൽപര്യമുള്ള കാര്യമാണെന്നും രാജു പറഞ്ഞു. സംസ്ഥാനത്തു കൂടുതൽ മദ്യവിൽപനശാലകൾ തുറക്കുന്നതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു രാജുവിന്റെ പ്രതികരണം.
എൽ.ഡി.എഫ് സർക്കാർ മദ്യവർജനത്തിന് ഇതുവരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് തിയേറ്ററിൽ മദ്യത്തിന്റെ ദൂഷ്യഫലങ്ങൾ വിശദീകരിച്ചു പരസ്യം നൽകുന്നുണ്ടെന്നായിരുന്നു മറുപടി. മദ്യക്കുപ്പിയുടെ പുറത്ത് ആരോഗ്യത്തിനു ഹാനികരമെന്ന് എഴുതിവയ്ക്കുന്നുണ്ട്. മദ്യത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യും.
‘വിമുക്തി’ പദ്ധതി പ്രകാരവും മദ്യ വർജനമെന്ന എൽഡിഎഫ് നയം സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാരായ തൊഴിലാളി പുനരധിവാസ യൂണിയൻ (എഐടിയുസി) 11നു സെക്രട്ടേറിയറ്റിലേക്കു സംഘടിപ്പിക്കുന്ന മാർച്ചിനെക്കുറിച്ചു വിശദീകരിക്കാൻ വാർത്താ സമ്മേളനത്തിനെത്തിയതായിരുന്നു രാജു.