തിരുവനന്തപുരം∙ കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചതോടെ, ഇനി സംസ്ഥാനത്ത് എവിടെയും മദ്യശാല ആരംഭിക്കാം. ചില്ലറ വിൽപനശാല, ബീയർ പാർലർ, ബാർ എന്നിവയ്ക്ക് ഇനി സംസ്ഥാന സർക്കാരിന്റെ മദ്യനയം മാത്രമേ ബാധകമാകുകയുള്ളൂ. ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് നൽകുകയുള്ളൂവെന്ന നയമാണു നിയന്ത്രണമായി അവശേഷിക്കുന്നത്.
ദേശീയപാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച സുപ്രീംകോടതി പിന്നീട് കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്മേൽ വീണ്ടും അപ്പീൽ ഉണ്ടായപ്പോഴാണു പ്രദേശത്തിന്റെ പ്രത്യേകതകൾ പരിശോധിച്ചു മദ്യശാലയ്ക്ക് അനുമതി നൽകണോയെന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നു കഴിഞ്ഞദിവസം വിധി പുറപ്പെടുവിച്ചത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിന് ഇനി പ്രത്യേക നിയന്ത്രണം കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണു വിലയിരുത്തൽ.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളമാകെ ഒരു നഗരമെന്ന രീതിയിൽ കണക്കാക്കണമെന്നാണു കോടതിയെ കേരളം അറിയിച്ചത്. ഇതിനു വിരുദ്ധമായി പ്രത്യേക പ്രദേശങ്ങളെ ടൗൺഷിപ്പുകളായി പ്രഖ്യാപിച്ചുകൊണ്ടു തീരുമാനം എടുത്താൽ അതു കോടതിയിൽ ചോദ്യം ചെയ്തേക്കാം. അല്ലെങ്കിൽ, അതിനുവേണ്ടി നിയമനിർമാണമെന്ന വഴിയുണ്ട്. മദ്യശാല അനുവദിക്കുന്നതിനുവേണ്ടി ഓരോ സ്ഥലവും പരിഗണിച്ചു ടൗൺഷിപ് പ്രഖ്യാപനം ഉണ്ടായാൽ അത് അഴിമതിയാരോപണങ്ങൾക്കു വഴിവയ്ക്കും.
കേരളം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെ: ദേശീയ–സംസ്ഥാന പാതകൾ 5864 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. 580 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാനത്തിനു കടലും വനവും ഒഴികെയുള്ള വീതി 35 മുതൽ 120 കിലോമീറ്റർവരെ. കാസർകോട് നന്ദാരപ്പടവ് മുതൽ പാറശാല വരെ നിർമിക്കാൻ പോകുന്ന മലയോര ഹൈവേക്കു 13 ജില്ലകളിലായി 1251 കിലോമീറ്റർ ദൈർഘ്യം ഉണ്ടാകും. തിരുവനന്തപുരം പൂവാറിൽനിന്നു കാസർകോട് കുഞ്ചത്തൂർ വരെ നിർമിക്കുന്ന തീരദേശ ഹൈവേക്ക് 656 കിലോമീറ്റർ ദൈർഘ്യം ഉണ്ട്. സംസ്ഥാനത്തിന്റെ 30% സ്ഥലവും ജല, വന പ്രദേശങ്ങളാണ്. നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളും പഞ്ചായത്തുകളിലാണുള്ളത്. സവിശേഷ സാഹചര്യങ്ങൾ വിലയിരുത്തി കേരളത്തെ മൊത്തത്തിൽ ഒരു നഗരമായി പരിഗണിക്കണം.