Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഷിഗൻ വെടിവയ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു; വിദ്യാര്‍ഥികളല്ലെന്ന് പൊലീസ്

Michigan Firing വെടിവയ്പിനെത്തുടർന്ന് സർവകലാശാല ക്യാംപസിൽ പൊലീസെത്തിയപ്പോൾ. ഇൻസെറ്റിൽ അക്രമി ജയിംസ് എറിക്. ചിത്രം: എപി

വാഷിങ്ടൻ∙ യുഎസിലെ സെൻട്രൽ മിഷിഗൻ സർവകലാശാലയിലെ റസിഡൻസ് ഹാളിൽ നടന്ന വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. തോക്കുമായി ക്യാംപസിനകത്തേക്കു കയറിയ ജയിംസ് എറിക് ഡേവിസ് എന്ന യുവാവാണ് വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല.

കൊല്ലപ്പെട്ടത് വിദ്യാർഥികളോ സർവകലാശാല ജീവനക്കാരോ അല്ലെന്നു പൊലീസ് അറിയിച്ചു. വെടിവയ്പു നടത്തിയ പത്തൊൻപതുകാരന്റെ മാതാപിതാക്കളാണു കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. വീട്ടിലുണ്ടായ വഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നും കരുതുന്നു. അക്രമിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

സെൻട്രൽ മിഷിഗൻ സർവകലാശാലയിലെ കാംപ്ബെൽ ഹാളിൽ പ്രാദേശിക സമയം രാവിലെ എട്ടരയോടെയായിരുന്നു വെടിവയ്പ്. 23,000 ത്തോളം വിദ്യാർഥികളാണ് സെൻട്രൽ മിഷിഗൻ സർവകലാശാലയിൽ പഠിക്കുന്നത്. അവധിക്കാലത്തിനു മുന്നോടിയായി വിദ്യാർഥികളിലേറെയും ക്യാംപസ് വിട്ട സമയത്തായിരുന്നു വെടിവയ്പ്. ശേഷിച്ചവരെ സുരക്ഷാസ്ഥാനത്തേക്കു മാറ്റി.

ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സർവകലാശാല ക്യാംപസും ഇതു നിലനിൽക്കുന്ന മൗണ്ട് പ്ലെസന്റ് മേഖലയും പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്.

വ്യാഴാഴ്ച രാത്രി ജയിംസ് പൊലീസ് പിടിയിലായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ആശുപത്രി വിട്ടതിനു ശേഷമാണ് വെടിവയ്പു നടത്തിയത്. രണ്ടാഴ്ച മുൻപ് ഫ്‍ളോറിഡയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ വിദ്യാർഥികളുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു.