ലൈറ്റ് മെട്രോയിൽനിന്ന് ഡിഎംആർസി പിന്മാറിയത് സർക്കാരിന്റെ അനാസ്ഥമൂലം: ഇ.ശ്രീധരൻ

തിരുവനന്തപുരം∙ ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡിഎംആർസി പിന്മാറിയത് സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. കരാർ ഒപ്പിടുകയോ പുതുക്കിയ ഡിപിആർ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പിന്മാറുന്നത് നടുക്കത്തോടെയും നിരാശയോടെയുമാണെന്നും ശ്രീധരൻ പറഞ്ഞു.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നാണ് കൺസൾട്ടന്റുമാരായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) പിന്മാറിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡിഎംആർസി ഓഫിസുകളിലെ ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. ഈ കത്തിനോടും സർക്കാർ പ്രതികരിക്കാതിരുന്നതോടെയാണു പ്രവർത്തനം അവസാനിപ്പിക്കാൻ ഡിഎംആർസി തീരുമാനിച്ചത്. ജനുവരി അവസാന വാരമാണ് ഇ.ശ്രീധരൻ സർക്കാരിനു കത്തു നൽകിയത്. പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ശ്രീധരൻ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശ്രീധരൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഫെബ്രുവരി അവസാനം വരെ കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെയാണു പദ്ധതിയിൽനിന്നു പിന്മാറാൻ ശ്രീധരൻ ഡിഎംആർസി അധികൃതർക്കു നിർദേശം നൽകിയത്.