പ്രതീക്ഷിച്ചതിനുമപ്പുറം ‘കൊടുംചൂടാക്രമണം’; കേരളം കരുതലോടെയിരിക്കാൻ മുന്നറിയിപ്പ്

ഫയൽ ചിത്രം: സിബു ഭുവനേന്ദ്രൻ

പത്തനംതിട്ട∙ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ തന്നെ കേരളത്തിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നത് അസാധാരണമെന്നു കാലാവസ്ഥാ മേഖലയുമായി ബന്ധപ്പെട്ട ഗവേഷകർ. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതു കുറയുന്നത് ചൂടേറ്റുള്ള പൊള്ളൽ വർധിക്കാൻ കാരണമാകുന്നതായും വിദഗ്ധർ പറയുന്നു. ആശ്വാസമെന്ന നിലയിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളുടെ കിഴക്കൻ മലയോര മേഖലയിൽ നേരിയ വേനൽ മഴയ്ക്കു സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിച്ചു.

അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതാണ് ആർദ്രത അഥവാ ഹ്യുമിഡിറ്റി എന്ന് അറിയപ്പെടുന്നത്. ഇതു പലപ്പോഴും ആകെ വായുവിന്റെ 50 ശതമാനത്തിലും താഴെയായതാണു വിയർപ്പ് കുറഞ്ഞ് പൊള്ളൽ വർധിക്കാനുള്ള കാരണം. എന്നാൽ കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ഇത് 70–80 ശതമാനമായി ഉയർന്നതോടെ ആളുകൾ വിയർത്തു തുടങ്ങി. സാധാരണ മാർച്ച് 15നു ശേഷമാണ് കേരളത്തിൽ ചൂട് റെക്കോർഡ് കീഴടക്കുന്നത്. എന്നാൽ ഈ വർഷം ഫെബ്രുവരി അവസാന വാരം തന്നെ ചൂട് 38 ഡിഗ്രി വരെയെത്തി.

കഴിഞ്ഞ ദിവസം പാലക്കാട്ടെ മുണ്ടൂരിലുള്ള ഐആർടിസിയുടെ താപമാപിനിയിലെ രസനിരപ്പ് 41 ഡിഗ്രി പിന്നിട്ടു. തൃശൂരിലെ വെള്ളാനിക്കരയിൽ 38 ഡിഗ്രിയും പുനലൂരിൽ 37 ഡിഗ്രിയും കോട്ടയത്ത് 36 ഡിഗ്രിയുമാണ് അനുഭവപ്പെടുന്നത്. സാധാരണ ഗതിയിൽ 31 ഡിഗ്രിയിൽ കൂടുതൽ ചൂട് അനുഭവപ്പെടാത്ത കടലോര നഗരമായ ആലപ്പുഴയിൽ പോലും ഇക്കുറി ചൂട് 34 ഡിഗ്രിവരെയെത്തി. 

Read: ഹൊ, എന്തൊരു ചൂട്

രോഗികളെയും പ്രായമായവരെയും കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ചൂടു കൂടുന്നതനുസരിച്ച് ശരീരത്തിന്റെ പ്രയാസങ്ങളും വർധിക്കും. പെട്ടെന്നു രോഗാവസ്ഥ വർധിക്കാൻ ഇത് ഇടയാക്കും. രാജ്യത്ത് 2010നും 2015നും ഇടയിൽ സൂര്യാതപവുമായി ബന്ധപ്പെട്ട് 1300 മുതൽ 2500 മരണം സംഭവിച്ചതായി ദേശീയ തലത്തിൽ ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ കാണുന്നു. 

വനമേഖലയിലും കാട്ടു തീ പടരാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. കാട്ടിലെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടതോടെ  മൃഗങ്ങളെല്ലാം വെള്ളം തേടി നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതിയാണ്. സമുദ്രനിരപ്പിൽ നിന്നു 3000 അടി ഉയരത്തിലുള്ള പ്രദേശങ്ങളിൽ സൂര്യന്റെ താപം രൂക്ഷമാകാൻ സാധ്യതയില്ലാതിനാൽ മലയോര മേഖലയിൽ ജോലി ചെയ്യുന്നവർക്കു സൂര്യാതപമേൽക്കാൻ സാധ്യതയില്ല. സമതല പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ 12 മണി മുതൽ മൂന്നുമണി വരെ പുറത്തെ ചൂട് ഒഴിവാക്കി വിശ്രമിക്കണം. രാവിലെ ഏഴിനു ജോലി ആരംഭിച്ച് വൈകിട്ട് ഏഴു വരെ ജോലി തുടരാൻ കഴിഞ്ഞാൽ തൊഴിൽ സമയത്തിലെ നഷ്ടം ഒഴിവാക്കാൻകഴിയുമെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കുന്നു.

Read: തീച്ചൂട്, കരുതിയിരിക്കാം

കഴിഞ്ഞ വർഷം സൂര്യാതപമേറ്റ് പതിവിലേറെ കന്നുകാലികൾ ചത്തുപോയതിനാൽ  കന്നുകാലികളെ വളർത്തുന്നവർ ഇക്കുറി കൂടുതൽ ജാഗ്രതപുലർത്തണമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വെയിലത്ത് കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടരുത്. തൊഴുത്തിൽ തന്നെ നിർത്തുന്നതാണ് നല്ലത്. കുറഞ്ഞത് 60 ലീറ്റർ വെള്ളമെങ്കിലും കുടിക്കാൻ നൽകണം. രണ്ടുനേരം നനച്ചു കുളിപ്പിക്കാനായാൽ ഏറെ നന്ന്. ആടുകൾക്കും പ്രത്യേക കരുതൽ നൽകണം. കാലു വിറയ്ക്കുന്നതാണ് ആടുമാടുകൾക്കു സൂര്യാതപമേൽക്കുന്നതിന്റെ ആദ്യ ലക്ഷണം. വൈകാതെ ഇവ താഴെവീഴും. ഈ സാഹചര്യത്തിൽ അവയെ എത്രയും വേഗം തണുപ്പുള്ള തൊഴുത്തുകളിലേക്കു മാറ്റി കെട്ടണം. പുല്ലു ലഭ്യമല്ലാത്തതിനാൽ കച്ചി നൽകാം. 

Read: വേനൽക്കാലത്ത് കുടിക്കാം ലസ്സി, കാരണവുമുണ്ട്

മൺസൂണിന്റെ രൂപത്തിൽ ധാരാളം മഴ കിട്ടിയിട്ടും ഉപയോഗിക്കാൻ പഠിക്കാത്തവരുടെ നാടാണു നമ്മുടേത്. മഴവെള്ള സംഭരണത്തിലൂടെ ജലം സംരക്ഷിക്കാൻ നാം ഇപ്പോഴും ഫയലുകൾ മറിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. കേരളത്തിന്റെ കാലാവസ്ഥ മാറുകയാണ്. മരുഭൂമിപോലെ ചുട്ടുപൊള്ളുകയാണു മലയാളനാട്.  മുൻവർഷങ്ങളിലേതിനേക്കാളും  ഈ വേനലിൽ ഒന്നോ രണ്ടോ ഡിഗ്രി ചൂട് കൂടാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിൽ ജലം പരമാവധി കുറച്ചു വരൾച്ചയെ നേരിടാൻ  ശീലിക്കണം. ഒപ്പം ദുരുപയോഗം, മലിനീകരണം എന്നിവ കുറയ്ക്കുകയും ചെയ്താൽ ഈ വേനലിനെ നമുക്കു മറികടക്കാം. 

കുളി

രണ്ടുനേരം കുളിക്കുക എന്നത് ലോകത്തു മലയാളിയുടെ മാത്രം പ്രത്യേകതയാണ്. ഉഷ്ണവും വിയർപ്പുമൊക്കെ കൂടുതലായതിനാലാവാം ഇത്. ധാരാളം വെള്ളമുണ്ടെന്ന തെറ്റിദ്ധാരണ കൂടിയായപ്പോൾ കുളി നമ്മുടെ ദൗർബല്യമായി. എന്നാൽ  ഒരു ബക്കറ്റ് വെള്ളത്തിൽ കുളിക്കുമ്പോൾ 20 ലീറ്റർ വെള്ളമാണ്  വീണൊഴുകി പോകുന്നത്. രണ്ട് ബക്കറ്റായാൽ 40 ലീറ്റർ. ഷവറോ പൈപ്പോ തുറന്നിട്ടാണെങ്കിൽ ഇത് 70–100  ലീറ്ററിനും മുകളിലേക്കു പോകും. എന്നാൽ അര ബക്കറ്റ് വെള്ളം കൊണ്ടും കുളിയ്ക്കാൻ കഴിയും. ആദ്യ രണ്ട് കോപ്പ വെള്ളം ഒരു കൈകൊണ്ട് തലയിലൂടെ ദേഹമാസകലം വീഴത്തക്ക വിധം സാവകാശം ഒഴിക്കുക. അപ്പോൾതന്നെ മറ്റേ കൈകൊണ്ട് ആ വെള്ളം പിടിച് ദേഹമാസകലം എത്തിക്കുക.

തുടർന്ന് ഒരു കോപ്പ വെള്ളം കൂടി ഇങ്ങനെ ഒഴിച്ച ശേഷം കയ്യിൽ പതപ്പിച്ച് അൽപം സോപ്പ് അത്യാവശ്യം വിയർപ്പുഗന്ധമുള്ള ഭാഗങ്ങളിൽ പുരട്ടുക. തലമുടിയിലും ദേഹമാസകലവും സോപ്പ് ഉരച്ച് അധികം പതപ്പിക്കേണ്ട  കാര്യമില്ല. അത് സോപ്പു കമ്പനിക്കാരുടെ തന്ത്രമാണ്. തുടർന്ന് സോപ്പ് കഴുകിക്കളയാൻ മൂന്നു കോപ്പയും അതിനുശേഷം നീറ്റൽ മാറാനും കുളിർമ കിട്ടാനും  രണ്ടു കോപ്പ കൂടി തലവഴി സാവകാശം ഒഴിക്കുക. ആ വെള്ളം ഇങ്ങു താഴെ വരുമ്പോഴേക്കും കുളി കഴിയണം. പിന്നെ തോർത്ത്  ഉലച്ചു പിഴിയാൻ രണ്ടുകപ്പ് വെള്ളം ബക്കറ്റിൽ മിച്ചെ പിടിക്കുക. സോപ്പ് ഒരു നേരമാക്കിയാൽ പിന്നെയും വെള്ളം ലാഭിക്കാം. 

വെളിയിൽകുളി

രാത്രിയിലെ കുളി ഇരുട്ടിന്റെ മറവിൽ തെങ്ങിന്റെ ചുവട്ടിലാക്കാമോ എന്നു നോക്കുക. അയൽക്കാർക്ക് ബുദ്ധിമുട്ടാവുമെങ്കിൽ ഇത് ഒഴിവാക്കാം. പണ്ട് മലയാളിയുടെ കുളി പുരയിടത്തിലായിരുന്നു. കുട്ടികളെ കുളിപ്പിക്കുന്ന അമ്മമാർ അവരറിയാതെ തെങ്ങിനും വാഴയ്ക്കുമൊക്കെ ജലസേചനം ചെയ്തിരുന്നു. 

സോപ്പ് 

പുഴയിലോ ജലാശയത്തിലോ പൊതുകുളത്തിലോ ആണ് കുളിയെങ്കിൽ സോപ്പ് ഒഴിവാക്കുക. എണ്ണയും കുറയ്ക്കാം. 

അടുക്കള

വെള്ളം ഏറ്റവും കൂടുതൽ ചെലവാകുന്ന ഇടം. പാത്രം കഴുകും മുൻപു ഭക്ഷണാവശിഷ്ടങ്ങൾ കൈകൊണ്ട് വടിച്ചെടുത്ത് കളയാൻ സാമാന്യം വലിയ ഒരു എച്ചിൽ പാത്രം സ്ഥിരം കരുതുക. പൈപ്പ് നൂൽവണ്ണത്തിൽ തുറന്ന് ഈ പാത്രത്തിലെ അഴുക്ക് കളയുക. കൈ നന്നായി ഉപയോഗിച്ച് പാത്രം കഴുകുക; വെള്ളം കുറച്ചുമതി. രൂക്ഷഗന്ധമുള്ള സസ്യേതര ആഹാരം, എണ്ണമയം എന്നിവ കൂടുതലാണെങ്കിൽ മാത്രം സോപ്പിട്ടാൽ മതി. വേനൽക്കാലത്ത് എണ്ണമെഴുക്ക് കുറവുള്ള ഭക്ഷണം ആലോചിച്ചാൽ വെള്ളം ലാഭിക്കാം. കഞ്ഞിവെള്ളവും മറ്റും തണുത്തശേഷം ചെടികൾക്ക് സമീപം ഒഴിക്കുക. 

അടുക്കളത്തോട്ടം

പാത്രം കഴുകുന്ന വെള്ളം പാത്രത്തടത്തിലൂടെ (ടബ്) താഴേക്കു പോകാതെ വലിയൊരു കലത്തിൽ ശേഖരിചാൽ ഈ വെള്ളം അടുക്കളത്തോട്ടത്തിലോ തെങ്ങിനോ വാഴയ്ക്കോ പുരയിടത്തിലെ മറ്റു കൃഷിക്കോ ഉപയോഗിക്കാം. ഒരു തെങ്ങിന് വേനൽക്കാലത്ത് ദിവസം 40 ലീറ്റർ വെള്ളം കൊടുത്താൽ നല്ലകായ്വുണ്ടാകുമെന്നാണ് അനുഭവം. കുളിമുറിയുടെ പൈപ്പ് വേനൽകാലത്ത് പുരടിയത്തിലേക്കു തിരി‘ചുവിടുന്നതും പുരയിടം കരിയാതെ പച്ചപ്പു നിലനിർത്താൻ സഹായിക്കും. 

തീ 

വേനലിൽ കരിയിലയ്ക്കും ചെടികൾക്കും തീയിട്ടാൽ ആ ചാരം കൃഷിഭൂമിക്കു വളമാണെന്ന ധാരണ തെറ്റാണ്. കരിയിലയും പാഴ്ച്ചെടികളുമെല്ലാം അഴുകി ലയിക്കുന്ന മണ്ണിനാണ് ജൈവസമ്പത്ത്. ഈ മണ്ണിലേ ഈർപ്പം നിലനിൽക്കൂ. 

മുറ്റം

പരന്നു വലുപ്പമുള്ള ഒരു പാത്രത്തിൽ മുറ്റത്തോ തൊടിയിലോ വെള്ളം നിറച്ചു വച്ചാൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും ദാഹമകറ്റാം. മുറ്റം മുഴുവനും ടൈലോ കോൺക്രീറ്റോ ഇട്ട് ചൂട് കൂട്ടാതിരിക്കുക. മഴവെള്ളം മുറ്റത്ത് താഴട്ടെ. 

കാർ

ശുദ്ധീകരിച്ച പൈപ്പുവെള്ളം കാർ കഴുകാൻ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ട് ജല അതോറിറ്റി എല്ലാ വർഷവും വേനൽക്കാലത്ത് മുന്നറിയിപ്പു നൽകാറുണ്ട്. ഒരു ലീറ്റർ വെള്ളം ശുദ്ധീകരിച്ച് പൈപ്പിലൂടെ എത്തിക്കാൻ നാലു രൂപ വരെ ചെലവാകുന്നു എന്നാണു കണക്ക്. അതിനാൽ വേനലിൽ കാർ കഴുകണമെന്നില്ല,  തുടച്ച് എടുക്കുക. ഒരു കാരണവശാലും നദികളിലേക്കു വാഹനം ഇറക്കി കഴുകരുത്. 

ചോർച്ച

വേനലിനു മുൻപേ പൈപ്പുകളുടെയും ടാപ്പുകളുടെയും വാഷർ മാറ്റി ചോർച്ച തടയുക. ഓരോ തുള്ളി വീതം നഷ്ടപ്പെട്ടാൽ ഒരു മാസം കൊണ്ടു നഷ്ടപ്പെടുന്നത് ആയിരിക്കണക്കിനു ലീറ്റർ ആയിരിക്കും.

ക്ലോസറ്റ്

യൂറോപ്യൻ മാതൃക ക്ലോസറ്റ് വ്യാപകമായതോടെ ജലനഷ്ടം ഏറെയാണ്. ഒന്നു തുറന്നാൽ10–20 ലീറ്റർ വരെ വെള്ളം ഒഴുക്കിവിടുന്നവയാണ് മിക്കവയും. ഓരോ തവണ മൂത്രമൊഴിക്കാൻ കയറുമ്പോഴും ക്ലോസറ്റിന്റെ പിടി തുറന്ന് വെള്ളം മുഴുവനായും ഒഴിക്കേണ്ട. അൽപം തുറന്ന് ഒന്നോ രണ്ടോ ലീറ്റർ മാത്രം വിടുക. ക്ലോസറ്റ് ടാങ്കിൽ വെള്ളം നിറച്ച കുപ്പിയിട്ടാൽ ജലം പാഴാകുന്നത് കുറയ്ക്കാം. 

പമ്പിങ് 

വേനലിൽ ഒറ്റയടിക്ക് പമ്പ് ചെയ്താൽ ജലം മുഴുവനായി വലിച്ചെടുത്  കിണറും ഉറവയുമായുള്ള കണ്ണി മുറിയാൻ സാധ്യതയുണ്ട്. ഇത് കിണർ വറ്റുന്നതിനു കാരണമാകും. പലതവണയായി പമ്പു ചെയ്യാം. തിരക്ക്  ഇല്ലാത്ത ദിവസങ്ങളിൽ തൊട്ടിയും കയറും ഉപയോഗിച്ച് കോരിയെടുത്താൽ വ്യായാമവുമാകും, കിണറിനും ആരോഗ്യം.  

കുഴൽക്കിണർ

ബാങ്കിൽ സ്ഥിര നിക്ഷേപമിടുന്നത് ഭാവി ആവശ്യത്തിനാണ്. അതുപോലെയാണ് ഭൂഗർഭജലം. കുഴൽക്കിണറിൽ നിന്ന് ഇഷ്ടം പോലെ പമ്പ് ചെയ്ത് ആവശ്യത്തിന് ഉപയോഗിക്കാമെന്ന് കുഴിക്കുന്ന കമ്പനിക്കാർ പറഞ്ഞാലും മിതത്വം പാലിക്കണം. ഭൂഗർഭ ജലം നിങ്ങളുടെ മക്കളുടെയും ചെറുമക്കളുടെയും അവകാശമാണ്. ഭാവി സുരക്ഷയ്ക്ക് പ്രകൃതി സൂക്ഷിച്ചു വച്ചിരിക്കുന്ന അമൂല്യ സമ്പത്താണ്. 

കിണർ നിറ

പുരപ്പുറത്തു വീഴുന്ന മഴവെള്ളം പാത്തികളിലൂടെ കിണറിനടുത്ത് നിർമിച്ചിരിക്കുന്ന ടാങ്കിൽ എത്തിച്ച് ഇതിലൂടെ അരിച്ച്  കിണറ്റിലേക്ക് ഒഴുക്കിവിടുന്ന വിദ്യയാണ് റീചാർജ് അഥവാ കിണർനിറ. അത് ഓരോ വീടുകളിലും ചെയ്യുന്നത് സ്വന്തം കിണറുകളെയും അയൽക്കാരുടെ  കിണറുകളെയും പരിപോഷിപ്പിക്കും. കിണറ്റിലേക്ക്  ഇറക്കാൻ പറ്റാത്തവർ വെള്ളം പുരയിടങ്ങളിലെ കുഴികളിലേക്ക് എത്തിച്ച് മണ്ണിൽ താഴ്ത്തുക.

നദി, കുളം, തോട്

ഒരു ലീറ്റർ മലിനജലം ശുദ്ധീകരിക്കാൻ കുറഞ്ഞത് ഏഴു ലീറ്റർ ശുദ്ധജലം വേണമെന്നതാണ് കണക്ക്. വെള്ളത്തിന്റെ ഉപയോഗം കുറച്ചില്ലെങ്കിലും ഉള്ള വെള്ളം മലിനമാക്കാതിരിക്കുക. നദികളിലേക്കും കുളങ്ങളിലേക്കും മാലിന്യം വലിച്ചെറിയാതിരിക്കുക. മാലിന്യം നദികളിലേക്ക് എറിയുന്നതായി കണ്ടു പിടിക്കപ്പെട്ടാൽ  ഇനി മുതൽ  മൂന്നു വർഷം വരെ തടവു ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. നഗര, വ്യാപാര, ഇതര മാലിന്യം വെള്ളത്തിലേക്കു  വലിച്ചെറിയുന്നവർ ജാഗ്രതൈ. 

ഫ്ലാറ്റ്, സമുച്ചയം

കക്കൂസ് ജലവും ഓടവെള്ളവും ഉൾപ്പെടെ ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കുന്നതിൽ ന്യൂഡൽഹിയിലെ പുസ കാർഷിക സർവകലാശാലാ ക്യാംപസ് സുപ്രസിദ്ധമാണ്. തലസ്ഥാനത്തെ പല വൻകിട സ്ഥാപനങ്ങളിലെയും കക്കൂസ് ജലമാണ് ചെടികൾക്കും കൃഷിക്കും ഉപയോഗിക്കുന്നത്. നമ്മുടെ ഫ്ലാറ്റുകളും മറ്റും ഇത് മാതൃകയാക്കിയാൽ ജലം ലാഭിക്കാം. 

വേനൽമഴ

മാർച്ച് മാസം മുതൽ ഉച്ച കഴിഞ്ഞ് വേനൽമഴ ലഭിക്കും. മഴയുടെ ലക്ഷണം കാണുമ്പോഴേ  നേരത്തെ തന്നെ ഒരുക്കിവച ടാങ്കും പാത്രങ്ങളും തുറന്ന്  പരമാവധി വെള്ളം സംഭരിക്കുക. 

ടാങ്കർ

വേനലിൽ ശുദ്ധജലമെത്തിക്കുന്ന ടാങ്കറുകൾ മറ്റു ദ്രാവകങ്ങൾ കയറ്റിക്കൊണ്ടുപോകുന്നവ ആകരുത്. ഇതിനായുള്ള വൃത്തിമാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക. 

പാറമട

ഉപേക്ഷിച്ച പാറമടകളിൽ ജലം സംഭരിച്ചാൽ പ്രാദേശികമായി  വിതരണം ചെയ്യാൻ കഴിയും. പാടശേഖരങ്ങളുടെ നടുവിലെ പുല്ലും മറ്റും മാറ്റി വൃത്തിയാക്കിയെടുത്താൽ പാടശേഖര ജലക്കൊയ്ത്തിലൂടെ പ്രാദേശികമായി ജലലഭ്യത ഉറപ്പാക്കാൻ കഴിയും.

കുടിക്കാൻ

പൊതു സ്ഥലങ്ങളിലും ജനങ്ങൾ കൂടുന്ന സ്ഥലത്തും ശുദ്ധജലം കരുതുക.