വറചട്ടിയായി കേരളം; ആശ്വാസമാകും വേനൽമഴ, പാലക്കാട് കാത്തിരിക്കണം

പത്തനംതിട്ട ∙ അകത്തും പുറത്തും ചൂട്. അതിനു പുറമേ ഇന്നു മുതൽ പരീക്ഷാ ചൂടു കൂടി ആകുമ്പോൾ കേരളം ചോദിച്ചു പോകുന്നു– വേനൽമഴ വൈകുമോ ? വൈകില്ലെന്നു മാത്രമല്ല, ഈയാഴ്ച അവസാനം തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ വേനൽമഴ പ്രതീക്ഷിക്കാം.  ഇൻസാറ്റ് ഉപഗ്രഹ ചിത്രങ്ങളിൽ ശ്രീലങ്കൻ തീരത്ത് മഴമേഘങ്ങളുടെ സാന്നിധ്യം കാണാം. ഇത് വൈകാതെ കേരളത്തിൽ വേനൽമഴയായി എത്തിയേക്കാം. മഴ മേഘങ്ങൾ വന്നാൽ വെയിൽ മങ്ങി പകൽചൂടിനു ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. എന്നാൽ പാലക്കാട് ഉൾപ്പെടെ വറചട്ടിയായി മാറിയ വടക്കൻ കേരളത്തിൽ മഴയ്ക്കു പിന്നെയും കാത്തിരിക്കണം.

വടക്കോട്ടുള്ള യാത്രയിൽ സൂര്യൻ ഭൂമധ്യരേഖയിലെത്തുന്ന ദിവസമാണ് മാർച് 21. ഉത്തരായനകാലത്ത് കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് കൂടുക പതിവാണ്. പക്ഷെ പതിവിലും രണ്ടും മൂന്നും ഡിഗ്രി വർധന രേഖപ്പെടുത്തുന്നതാണ്  ഇപ്പോൾ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഉത്തരം മുട്ടിക്കുന്നത്. 

ആഗോള താപനഫലമായി ലോകമെങ്ങും അന്തരീക്ഷ താപനില ഉയരുമ്പോഴും കടലോര സംസ്ഥാനമായ കേരളത്തിൽ ഇത്രയധികം ചൂട് അനുഭവപ്പെടേണ്ട കാര്യമില്ല. ഇവിടെ നടക്കുന്ന റോഡ്, കെട്ടിട, നിർമാണ പ്രവർത്തനങ്ങളും വർധിക്കുന്ന വാഹനഗതാഗതവുമാണ് ചൂടു കൂടാനുള്ള ഒരു കാരണമെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കാറുകളിലെയും മറ്റും ശീതീകരണ സംവിധാനത്തിൽ നിന്നുള്ള പുറന്തള്ളൽ കൂടിയാകുന്നതോടെ നഗരപ്രദേശങ്ങളിൽ താപത്തുരുത്തുകളായി മാറുകയാണ്. പാടങ്ങളും ജലാശയങ്ങളും ഇല്ലാതായതും പ്രാദേശിക വരൾച്ച സൃഷ്ടിക്കുന്നുവെന്ന് ശാസ്ത്ര നിരീക്ഷകനായ രാജഗോപാൽ കമ്മത്തും കുസാറ്റിലെ ഗവേഷകനായ ഡോ മനോജും അഭിപ്രായപ്പെട്ടു. 

തെക്കൻ കേരളത്തിലെ പല ജില്ലകളിലും ഡിസംബർ വരെ സാമാന്യം നല്ല മഴകിട്ടിയിട്ടും കോട്ടയത്തും പത്തനംതിട്ടയിലും മറ്റും ചൂട് 36, 37 ഡിഗ്രിവരെ ഉയർന്നത് ആശങ്ക ഉളവാക്കുന്നു. ഹൈറേഞ്ച് മേഖലയിലും പകൽ സമയത്ത് കത്തുന്ന ചൂടാണ്. പുനലൂരിൽ ഇന്നലെ 37ഡിഗ്രിയും പാലക്കാട്ട് 38 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. എന്നാൽ പുലർച്ചെ പുനലൂരിലെ താപനില നേരേ പകുതിയായി താണ് 19 ഡിഗ്രിയായി മാറുന്നതും നിരീക്ഷകരിൽ കൗതുകമുണർത്തുന്നു.

മധ്യമഹാരാഷ്ട്രയിലെ നാസികിന് അടുത്ത നന്ദൂർബാറിൽ ഇന്നലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 43 ഡിഗ്രി രേഖപ്പെടുത്തി. ഭോപ്പാലിൽ 40 ഡിഗ്രി കടന്നതോടെ ഉത്തരേന്ത്യയും സൂര്യാതപത്തിന്റെ പിടിയിലേക്കാണെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. പാലക്കാട്ട് മുണ്ടൂരിൽ 40 ഡിഗ്രി കടന്നെങ്കിലും കാലാവസ്ഥാ വിഭാഗം അംഗീകരിക്കാത്തതിനാൽ ഇത് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.