ലൈറ്റ് മെട്രോ: സർക്കാർ ഡിഎംആർസിക്കു വാക്കു നൽകി കബളിപ്പിച്ചു, തെളിവു പുറത്ത്

തിരുവനന്തപുരം∙ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു ഡിഎംആര്‍സിക്കു നൽകിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത്. പദ്ധതിക്കുള്ള കരാര്‍ ഉടന്‍ ഒപ്പിടാമെന്നു രണ്ടുതവണ രേഖാമൂലം ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. വിശദമായ പദ്ധതിരേഖ സംബന്ധിച്ചു ചര്‍ച്ചചെയ്യാമെന്നു മുഖ്യമന്ത്രി ഇ. ശ്രീധരനു നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെയും കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്റയും കത്തുകളുടെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.

കരാറിന്‍റെ കാലാവധി കഴിഞ്ഞെന്ന ന്യായമാണു മുഖ്യമന്ത്രി പറഞ്ഞത്. കരാര്‍ ഒപ്പിടാമെന്നു പറഞ്ഞു രണ്ടുതവണയാണു സര്‍ക്കാര്‍ ഡിഎംആര്‍സിയെ കബളിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതിയുടെ ചുമതലയുള്ള കെആര്‍ടിഎല്‍ കഴിഞ്ഞ മേയ് അഞ്ചിന് ഡിഎംആര്‍സിക്കു നല്‍കിയ കത്തും പുറത്തുവന്നു. ലൈറ്റ് മെട്രോയുടെ ഭാഗമായി നിര്‍മിക്കേണ്ട മേല്‍പ്പാലങ്ങള്‍ക്കുള്ള കരാര്‍ ആവശ്യമായ അനുമതികള്‍ നേടി മാസാവസാനത്തോടെ ഒപ്പിടാനാകുമെന്നായിരുന്നു വാഗ്ദാനം. ഇതു നടന്നില്ല.

ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഎംആര്‍സിയുമായി ഡിസംബര്‍ 31നകം കരാറൊപ്പിടാമെന്നു വീണ്ടും വാഗ്ദാനം നൽകി. നവംബര്‍ 17ന് നല്‍കിയ ഈ കത്തും വിഫലമായി. ഡിഎംആര്‍സി നല്‍കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടു സജീവ പരിഗണയിലാണെന്നു മുഖ്യമന്ത്രി പറയുന്നു. ഇതുസംബന്ധിച്ചു കൂടിക്കാഴ്ച ആവശ്യമാണ്. തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നു അറിയിച്ചു. എന്നാല്‍ അങ്ങനെയൊരറിയിപ്പ് പിന്നീടുണ്ടായില്ല.