ഐപിഎ‌ൽ: കൊച്ചി ടസ്കേഴ്സിനെ പുറത്താക്കിയ ബിസിസിഐയ്ക്ക് 550 കോടി പിഴ

ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ന്യൂഡൽഹി∙ കൊച്ചി ടസ്കേഴ്സിനെ ഐപിഎലിൽനിന്നു പുറത്താക്കിയ ബിസിസിഐയ്ക്കു (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വൻ‍ പിഴ. നഷ്ടപരിഹാരമായി 550 കോടി രൂപ നൽകണമെന്നാണു സുപ്രീംകോടതി വിധി. നഷ്ടപരിഹാരം നൽകിയില്ലെങ്കില്‍ 18 ശതമാനം വാർഷിക പിഴയും നൽകാൻ നിർദേശിച്ചിട്ടുണ്ട്. ആർബിട്രേഷൻ ഫോറത്തിന്റെ ഉത്തരവ് ശരിവച്ചാണു സുപ്രീംകോടതി വിധി. 850 കോടി രൂപയായിരുന്നു കൊച്ചി ടസ്കേഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. 

കരാർ ലംഘനം ആരോപിച്ച് 2011ലാണു ടസ്കേഴ്സിനെ ബിസിസിഐ പുറത്താക്കിയത്. ഇതിനെതിരെ 2015ൽ ആർബിട്രേഷൻ ഫോറത്തിൽനിന്നു ടീം അനുകൂല വിധി സമ്പാദിച്ചു. എന്നിട്ടും കഴിഞ്ഞ രണ്ടു വർഷമായി നഷ്ടപരിഹാരം നൽകാനോ ടീമിനെ തിരികെ ഐപിഎലിൽ എടുക്കാനോ ബിസിസിഐ തയാറായില്ല. തുടർന്നാണു സുപ്രീംകോടതിയെ സമീപിച്ചത്.

ബിസിസിഐയ്ക്കു വാർഷിക ബാങ്ക് ഗാരന്റി തുക നൽകാത്തതിനെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു കൊച്ചി ടസ്‌കേഴ്‌സ് കേരളയെ പുറത്താക്കിയത്. ക്രിക്കറ്റ് ബോർഡിന്റെ വാർഷിക ജനറൽ ബോഡിയിലായിരുന്നു തീരുമാനം. ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും എതിർപ്പു വകവയ്ക്കാതെ അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറാണു തീരുമാനമെടുത്തതെന്നു പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.