Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷക പ്രക്ഷോഭം ഉത്തർപ്രദേശിലേക്കും; യോഗി സർക്കാരിന് വെല്ലുവിളി

Farmer Protest മഹാരാഷ്ട്രയിലെ കർഷകറാലിയിൽ നിന്ന് (ഫയൽ ചിത്രം)

ലക്നൗ∙ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ വിറപ്പിച്ച കര്‍ഷകപ്രക്ഷോഭം ഇന്ന് ഉത്തര്‍പ്രദേശിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ‘ചലോ ലക്നൗ’ എന്ന പേരില്‍ കര്‍ഷകര്‍ ഇന്നു തലസ്ഥാനനഗരിയിലേക്കു മാര്‍ച്ച് നടത്തും. കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്‍റെ ഭാഗമായി യുപി കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാർച്ച്. അറുപത് ജില്ലകളിൽനിന്നുള്ള ഇരുപതിനായിരത്തോളം കർഷകരാണു മാർച്ചിൽ പങ്കെടുക്കുന്നത്.

രാവിലെ പതിനൊന്നോടെ ചർബാഗ് റയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് ആറു കിലോമീറ്റർ പിന്നിട്ട് ലക്ഷ്മൺ മേള ഗ്രൗഡിൽ എത്തിച്ചേരും. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്‍റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കുക, പശുസംരക്ഷകര്‍ കര്‍ഷകര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ‘ചലോ ലക്നൗ’ മാര്‍ച്ചിലൂടെ കര്‍ഷകര്‍ ഉന്നയിക്കുന്നത്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ലക്നൗവിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നിവേദനം കൈമാറും. അതേസമയം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും കര്‍ഷകപ്രക്ഷോഭം ഉയരുന്നത് ബിജെപിക്ക് കടുത്തവെല്ലുവിളിയാകും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷകപ്രക്ഷോഭം തുടരും. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകസമരത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്.