Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദിയുടെ ഭൂമിയിൽ കൃഷിയിറക്കി കർഷകർ; മഹാരാഷ്ട്രയിൽ പ്രക്ഷോഭം തുടരുന്നു

Farmers-aquired-Nirav-Modis-Land നീരവ് മോദിയുടെ ഭൂമി കർഷകർ കയ്യേറിയപ്പോൾ. ചിത്രം: ട്വിറ്റർ

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി)നിന്ന് കോടികൾ തട്ടിച്ചു രാജ്യംവിട്ട വജ്രവ്യസായി നീരവ് മോദിയുടെ ഭൂമിയിൽ കർഷകർ കൃഷിയിറക്കി. നീരവിന്റെ മഹാരാഷ്ട്ര അഹമ്മദ്നഗറിലുള്ള 20 ഏക്കർ ഭൂമിയാണ് കർഷകർ കയ്യടക്കിയത്. കാളവണ്ടികളിലെത്തിയ ഇരുന്നൂറോളം കർഷകരാണ് സ്ഥലം കൈയ്യേറിയത്.

കേന്ദ്ര സംസ്ഥാന കർഷക വിരുദ്ധ നിലപാടുകൾക്കെതിരെയും, ഭൂമിയുടെ യഥാർഥ അവകാശികൾ കർഷകരാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കർഷകരുടെ പ്രതിഷേധം. ട്രാക്ടറുകളുമായി സംഘടിച്ചെത്തിയ കർഷകർ നിലം ഉഴുതു വിത്തുകൾ വിതറുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെയും ബി.ആർ.അബേദ്കറിന്റെയും ചിത്രങ്ങളും ദേശീയ പതാകയും കയ്യിലേന്തി മുദ്രാവാക്യങ്ങൾ വിളിച്ചാണ് കർഷകരെത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നു.

2013ൽ നീരവ് മോദിയുടെ കമ്പനി പിടിച്ചെടുത്തതാണു ഭൂമിയെന്ന് കർഷകരിലൊരാൾ ആരോപിച്ചു. ഏക്കറിന് രണ്ടു ലക്ഷം വരെ വിലയുണ്ടായിരുന്നപ്പോൾ വെറും പതിനായിരവും പതിനയ്യായിരവും രൂപ നൽകിയാണ് സ്ഥലമേറ്റെടുത്തതെന്നും അവർ പറഞ്ഞു. 'ഭൂമി ആന്തോളൻ' എന്ന പേരിൽ തുടർന്നും പ്രക്ഷോഭം നടത്തുമെന്നും ഇപ്പോളത്തെ കൃഷിയിറക്കൽ സമരം സൂചന മാത്രമാണെന്നും കർഷകർ അറിയിച്ചു.

നീരവ് മോദിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്ത ഭൂമികളിലൊന്നാണിതെന്നും റിപ്പോർട്ടുണ്ട്.