മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ(പിഎൻബി)നിന്നുള്ള ജാമ്യപത്രം ഉപയോഗിച്ച് തട്ടിപ്പുനടത്തിയ നീരവ് മോദിയും മെഹുൽ ചോക്സിയും നാട്ടിലേക്കു പണമെത്തിച്ചത് ഹവാല വഴിയെന്ന് കണ്ടെത്തൽ. 12,300 കോടിയുടെ തട്ടിപ്പാണ് ഇരുവരും പിഎൻബി വഴി നടത്തിയത്. ഇത്തരത്തിൽ കണ്ടെത്തിയ പണം മുംബൈയിലെ കമ്പനിയിലേക്ക് ഹാവാല വഴി അതേദിവസം തന്നെ എത്തിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
തട്ടിപ്പിലൂടെ കണ്ടെത്തിയ പണം മെഹുൽ ചോക്സി ഗീതാഞ്ജലി ജെംസ് എന്ന തന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് മിക്കപ്പോഴും എത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും വ്യാജ കമ്പനികളുടെ പേരിൽ ഈപണം പിൻവലിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. നീരവ് മോദിയുടെ കമ്പനികളിലേക്ക് ദിവസങ്ങളെടുത്ത് വ്യാജ ഇടപാടുകളിലൂടെയാണു പണമെത്തിച്ചിരുന്നതെങ്കിൽ ചോക്സി ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തന്നെ പണം ഇന്ത്യയിലെത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
നീരവിന്റെയും ചോക്സിയുടെയും പണമിടപാടുകൾ സംബന്ധിച്ച് സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), എസ്എഫ്സിഒ അടക്കം വിവിധ ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. ഇവരുടെ വ്യാജ ഇടപാടുകൾ സംബന്ധിച്ച് ഹോങ്കോങ്ങും ദുബായും അടക്കമുള്ള പത്തു കമ്പനികളിൽനിന്നുള്ള വിവരങ്ങൾ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും പേരിലുള്ള വ്യാജകമ്പനികളിൽ 20 എണ്ണവും ഹോങ്കോങ്ങും ദുബായും ആസ്ഥാനമാക്കിയുള്ളതാണ്. 12,300 കോടിയിൽ 6,500 കോടിയുടെ ഇടപാടുകൾക്ക് നീരവും 5,800 കോടിയുടേതിന് ചോക്സിയുമാണ് ഉത്തരവാദികളെന്നും അന്വേഷണസംഘം വെളിപ്പെടുത്തുന്നു.
നീരവ് മോദിയുടെ തട്ടിപ്പ് ഇങ്ങനെ:
വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി.
നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസ് ഈ മാസം അഞ്ചിനു സിബിഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 11,346 കോടിയുടെ ക്രമക്കേടുകൾ പുറത്തുവന്നത്. 2011 മുതലുള്ള തട്ടിപ്പാണ് ഇതെന്നും റിപ്പോർട്ടുണ്ട്.