തീരുമാനം മാറ്റുന്നതുവരെ സമരം തുടരും: ഉദ്ഘാടനത്തിൽ വിതുമ്പി സമര നായിക ജാനകി

കീഴാറ്റൂർ സമരനായിക ജാനകിയുമായി നേതാക്കൾ സംസാരിക്കുന്നു.

തളിപ്പറമ്പ്∙ കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളി കർഷക കൂട്ടായ്മയുടെ പുതിയ സമരത്തിന് ഉജ്വല തുടക്കം. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, സുരേഷ് ഗോപി എംപി, പി.സി. ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ കീഴാറ്റൂർ സമര നായിക നമ്പ്രാടത്ത് ജാനകിയെന്ന 72കാരിയാണു സമരം ഉദ്ഘാടനം ചെയ്തത്. ഈ തീരുമാനം മാറ്റുന്നതുവരെ ഞങ്ങൾ സമരം ചെയ്യുമെന്നു വിതുമ്പി കൊണ്ടു പറഞ്ഞാണു ജാനകി സമരം ഉദ്ഘാടനം ചെയ്തത്.

കീഴാറ്റൂർ മാർച്ചിനായി പി.സി.ജോർജ് എത്തിയപ്പോൾ. ചിത്രം: എം.ടി.വിധുരാജ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങൾ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ കേന്ദ്രീകരിച്ചാണു കീഴാറ്റൂരിലേക്കു മാർച്ച് നടത്തിയത്. വി.എം. സുധീരൻ, സുരേഷ് ഗോപി എംപി, എൻ. വേണു, സി.ആർ. നീലകണ്ഠൻ, ഗ്രോ വാസു തുടങ്ങിയവർ പ്രസംഗിച്ചു. നിറഞ്ഞ സദസിനുമുന്നിൽ കീഴാറ്റൂർ പ്രഖ്യാപനം സുരേഷ് കീഴാറ്റൂർ ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിനു പരിസ്ഥിതി പ്രവർത്തകരുടെയും മറ്റു പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ‘കേരളം കീഴാറ്റൂരിലേക്ക്’ പ്രകടനം തളിപ്പറമ്പിൽനിന്നാണ് ആരംഭിച്ചത്. കീഴാറ്റൂർ വയലിൽ പുതിയ സമരപ്പന്തൽ ഉയർന്നിരുന്നു. തുടർന്നായിരുന്നു പൊതുസമ്മേളനം.

തളിപ്പറമ്പ് ടൗൺ സ്ക്വയറിൽനിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം ആരംഭിച്ചപ്പോൾ.ചിത്രം: എം.ടി.വിധുരാജ്

‘കേരളത്തിന്റെ ജല ഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനങ്ങളോടു ഞങ്ങൾ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും വയലുകളും തണ്ണീർത്തടങ്ങളും നിലനിൽക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങൾ എതിർക്കുന്നു. രാജ്യാതിർത്തികൾ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാൽ വനവും പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും നെൽവയലുകളും തണ്ണീർത്തടവും പരിസ്ഥിതിയും നശിപ്പിക്കാൻ സർക്കാരിനും അവകാശമില്ലെന്നും ഞങ്ങൾ പ്രഖ്യാപിക്കുന്നു’- എന്ന പ്രതിജ്ഞയും സമ്മേളനത്തിൽ ചൊല്ലി.

തളിപ്പറമ്പ് ടൗൺ സ്ക്വയറിൽനിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം ആരംഭിച്ചപ്പോൾ.ചിത്രം: എം.ടി.വിധുരാജ്

അതിനിടെ, വി.എം.സുധീരന്റെയും കെ.സുധാകരന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാവിലെ കീഴാറ്റൂർ പാടശേഖരം സന്ദർശിച്ചു.

അതേസമയം, പാർട്ടിപ്രവർത്തകർ ആരും മാർച്ച് കാണാൻ പോവരുതെന്നു ശനിയാഴ്ച നടന്ന കീഴാറ്റൂർ സംരക്ഷണ സമിതിയുടെ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടാക്കി വാർത്താപ്രാധാന്യം കിട്ടാൻ വയൽക്കിളികൾ ശ്രമിച്ചേക്കാം. സിപിഎം പ്രവർത്തകർ അതിൽ പെടരുത്. വീണുപോയൊരു സമരത്തെ ഉയർത്തിക്കൊണ്ടുവരാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സഹായത്തോടെ ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.