വാഷിങ്ടൻ∙ ‘ആവർത്തിക്കരുത്, ഇനിയൊരിക്കലും...’ എന്ന മുദ്രാവാക്യവുമായി പതിനായിരങ്ങൾ യുഎസിന്റെ തോക്കുനിയമത്തിനെതിരെ തെരുവില്‍. രാജ്യത്ത് തോക്ക് നിയന്ത്രണ നിയമങ്ങള്‍ കർശനമാക്കണമെന്നാവശ്യപ്പെട്ടാണ് ചെറുപ്പക്കാരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ജനങ്ങൾ തെരുവിലേക്കിറങ്ങിയത്. ഫ്ലോറിഡയിലെ സ്കൂളിൽ കഴിഞ്ഞ മാസം നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും തോക്കുനിയമങ്ങൾക്കെതിരെ യുഎസ് പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടെ യുഎസ് കണ്ട ചെറുപ്പക്കാരുടെ ഏറ്റവും വലിയ പ്രതിഷേധ സംഗമങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്. തോക്കുനിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങൾ എത്രയും പെട്ടെന്നു കൊണ്ടുവരണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ‘മാർച്ച് ഫോർ ഔർ ലൈവ്സ്’ എന്നു പേരിട്ട പ്രതിഷേധ പ്രകടത്തെ അഭിസംബോധന ചെയ്ത് ഫെബ്രുവരി 14ലെ ഫ്ലോറിഡ വെടിവയ്പിൽ നിന്നു രക്ഷപ്പെട്ടവരും സംസാരിച്ചു.
ശനിയാഴ്ച വാഷിങ്ടനിലെ പെൻസിൽവാനിയ അവന്യൂവിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളാണ് ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അന്നു കൊല്ലപ്പെട്ട 17 പേരുടെ പേരുകൾ വിളിച്ചുപറഞ്ഞ എമ്മ ഗോൺസാലെസ് എന്ന പെൺകുട്ടി അൽപ നേരത്തേക്ക് നിശബ്ദത പാലിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ആർക്കും തോക്കു വാങ്ങി ഉപയോഗിക്കാം എന്ന നിലയിലാണ് അമേരിക്കയിലെ അവസ്ഥയെന്നു പ്രതിഷേധക്കാർ പറയുന്നു.
വെടിവയ്പു സംഭവങ്ങൾ ഏറി വരികയാണ്. ഇതു തടയുന്നതിന് തോക്കു നിയന്ത്രണ നിയമങ്ങൾ ശക്തമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ‘ഒന്നുകിൽ ജനങ്ങളെ പ്രതിനിധീകരിക്കുക, അല്ലെങ്കിൽ ഇറങ്ങിപ്പോകുക. ഒന്നുകിൽ ഞങ്ങൾക്കൊപ്പം നിൽക്കുക അല്ലെങ്കിൽ കരുതലോടെയിരിക്കുക, വോട്ടർമാരാണു വരുന്നത്...’ എന്ന മുന്നറിയിപ്പാണ് പ്രതിഷേധ പ്രകടനം ട്രംപ് ഭരണകൂടത്തിനു നൽകുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപിനു മറുപടി കൊടുക്കുമെന്നും പ്രകടനത്തിനെത്തിയ ഒട്ടേറെ പേർ മാധ്യമങ്ങളോടു പറഞ്ഞതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
അറ്റ്‌ലാന്റ, ബാൾട്ടിമോർ, ബോസ്റ്റൺ, ഷിക്കാഗോ, ലൊസാഞ്ചലസ്, മയാമി, മിനിയപൊലിസ്, ന്യൂയോർക്ക്, സാൻ ഡിയാഗോ എന്നിവിടങ്ങളിലെല്ലാം വൻ പങ്കാളിത്തത്തോടെയാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്. യുഎസിനും പുറത്തുമായി എണ്ണൂറിലേറെ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ആഹ്വാനം. മൗറിഷ്യസിലും ലണ്ടനിലും സ്റ്റോക്കോമിലും സിഡ്നിയിലും സമാന പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഹോളിവുഡ് താരങ്ങള്‍ ഉൾപ്പെടെ സമരത്തിനു പിന്തുണയുമായി രംഗത്തെത്തി.