ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ഇന്ത്യൻ ൈസന്യത്തിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ രൂക്ഷ വിമർശനം. കശ്മീർ താഴ്‌വരയിൽ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയെ അപലപിച്ച് ട്വിറ്ററിലൂടെ അഫ്രീദി നടത്തിയ വിമർശനത്തിന് ട്വിറ്ററിലൂടെത്തെന്നെയാണ് ഗംഭീർ മറുപടി നൽകിയത്.
എന്നത്തേയും പോലെ, ഇക്കുറിയും നോബോളിൽ വിക്കറ്റെടുത്ത് അത് ആഘോഷിക്കുകയാണ് അഫ്രീദിയെന്ന് ഗംഭീർ ട്വീറ്റ് ചെയ്തു. അഫ്രീദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി മാധ്യമങ്ങൾ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയാണ് ഗംഭീറിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. തുടർന്നാണ് ‘നോബോളിലെ വിക്കറ്റ് ആഘോഷമെന്ന’ പ്രയോഗത്തിലൂടെ ഗംഭീറിന്റെ ഗംഭീര പ്രതികരണമെത്തിയത്.
നേരത്തെ, ‘ഇന്ത്യൻ അധീന കശ്മീരിൽ നിഷ്കളങ്കരായ’ വ്യക്തികൾക്കു നേരെ നടക്കുന്ന അതിക്രമത്തെ അപലപിച്ചും ഇതിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടാത്തതിൽ അദ്ഭുതം രേഖപ്പെടുത്തിയുമാണ് അഫ്രീദി ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
സ്വാതന്ത്ര്യത്തിനും നിശ്ചയദാർഢ്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ ശ്രമം, നിഷ്കളങ്കരായ സാധാരണക്കാർ കശ്മീരിൽ വെടിയേറ്റു വീഴുന്നതിന് ഇടയാക്കുന്നുവെന്നായിരുന്നു അഫ്രീദിയുടെ കുറിപ്പ്. ഇത്തരം ‘മനുഷ്യാവകാശ ധ്വംസനങ്ങൾ’ നടക്കുമ്പോൾ യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകൾ എവിടെയാണെന്നും അഫ്രീദി കുറിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഗംഭീറിന്റെ ട്വീറ്റ്.
കശ്മീരിലെ ഷോപിയാനിലും അനന്ത്നാഗിലുമായി നടന്ന മൂന്ന് ഏറ്റുമുട്ടലുകളിലായി സൈന്യം 13 ഭീകരരെ കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഭീകരരുടെ പരിശീലനകേന്ദ്രം എന്നറിയപ്പെട്ടിരുന്ന ഷോപിയാനിലാണ് ഇതിൽ പത്തുപേരും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലുകളിൽ മൂന്നു സൈനികരും വീരമൃത്യു വരിച്ചിരുന്നു. നാലു നാട്ടുകാരും കൊല്ലപ്പെട്ടു. ഇതിനോടുള്ള പ്രതികരണമായാണ് അഫ്രീദിയുടെ ട്വീറ്റ് എത്തിയത്.