ന്യൂഡൽഹി∙ ശക്തമായ പൊടിക്കാറ്റും മഴയും മൂലം ഡൽഹിയിലേക്കുള്ള 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അമൃത്സറിലേക്കാണു വിമാനങ്ങൾ തിരിച്ചുവിട്ടത്. വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും നീട്ടിവച്ചിരിക്കുകയാണ്. ശക്തമായ പൊടിക്കാറ്റും മഴയും ഡൽഹിയിൽ തുടരുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്യുന്നു.
അതേസമയം, യാത്രക്കാർ സംയമനം പാലിക്കണമെന്നും തങ്ങളാൽ സാധിക്കുന്നത് ചെയ്യുന്നുണ്ടെന്നും വിസ്താര ചീഫ് സ്ട്രാറ്റജി ആൻഡ് കൊമേഴ്സ്യൽ ഓഫിസർ സഞ്ജയ് കപൂർ പറഞ്ഞു. കലാവസ്ഥ ഞങ്ങളുടെ പരിധിയിലുള്ളതല്ല. വിമാനത്താവള അധികൃതരും അപ്രതീക്ഷിത വിമാനങ്ങളെയും യാത്രക്കാരെയും കൈകാര്യം ചെയ്യാൻ തയാറെടുക്കുന്നതെയുള്ളൂവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതിനിടെ കനത്ത ചൂടിനിടെ എത്തിയ മഴ ഡൽഹി നിവാസികൾക്ക് ആശ്വാസം പകർന്നു. 33 ഡിഗ്രി സെൽഷ്യസിൽ തുടർന്നിരുന്ന കാലാവസ്ഥ 22 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. അടുത്ത 48 മണിക്കൂറും പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.