കോട്ടയം∙ ജമ്മുവിലെ കഠ്‍വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തിൽ പങ്കുചേർന്നു നടി പാർവതി. ട്വറ്ററിലൂടെയാണു പാർവതി തന്റെ രോഷം പ്രകടിപ്പിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം കിട്ടിയ വേളയിലാണു പ്രതികരണമെന്നതു ശ്രദ്ധേയം.
‘ഞാൻ ഹിന്ദുസ്ഥാൻ, ഞാൻ ലജ്ജിക്കുന്നു, എട്ടുവയസ്സുകാരി കൂട്ടമാനഭംഗം ചെയ്യപ്പെട്ടു, ‘ദേവി’സ്ഥാനിൽ കൊല്ലപ്പെട്ടു’ തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് കയ്യിൽപിടിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണു പാർവതി പോസ്റ്റ് ചെയ്തത്. ദേശീയ അവാർഡിനെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. കഠ്‍വ, ഉത്തർപ്രദേശിലെ ഉന്നാവ് പീഡനങ്ങള്‍ക്കെതിരെ ഹാഷ്ടാഗും പോസ്റ്റിലുണ്ട്. മൗനം വെടിയണമെന്നും ഉടൻ പ്രവർത്തിക്കണമെന്നും പാർവതി ആഹ്വാനം ചെയ്യുന്നു.
രാഷ്ട്രീയ നേതാക്കൾ, കായിക, ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധിപേർ ട്വിറ്ററിലൂടെ ക്യാംപെയ്നിൽ പങ്കുചേരുന്നുണ്ട്. മനീഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമായ ടേക്ക് ഓഫിനും അതിലെ അഭിനയത്തിനു പാര്‍വതിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയിരുന്നു. മത്സരത്തിൽ അവസാനം വരെ പാർവതി ഉണ്ടായിരുന്നെങ്കിലും അന്തരിച്ച നടി ശ്രീദേവിയാണ് മികച്ച നടിയായത്.