കലൂർ: തകർന്ന റോഡിന്റെ അറ്റകുറ്റപ്പണി കെട്ടിട നിർമാണ ഏജൻസി നടത്തണമെന്ന് റിപ്പോർട്ട്

കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ പൈലുകൾ തകർന്നുവീണപ്പോൾ

കൊച്ചി∙ കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ പൈലുകൾ ഇടിഞ്ഞുണ്ടായ അപകടത്തിൽ കലക്ടർ നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പ്രധാനമായും തകർന്ന റോഡ് ഗതാഗത യോഗ്യമാക്കുന്നതു സംബന്ധിച്ചുള്ള ഏഴു നിർദേശങ്ങളാണു സമിതി നൽകിയത്. ഇതു കെട്ടിട നിർമാണത്തിനു കരാറെടുത്തിരുന്ന ഏജൻസിയെ കൊണ്ടു ചെയ്യിക്കുമെന്നു കലക്ടർ മുഹമ്മദ് സഫീറുല്ല പറഞ്ഞു.

ചെലവും കമ്പനി വഹിക്കണം. തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ സുരക്ഷയും ഇവർ ഉറപ്പാക്കണം. 10 മീറ്റർ ആഴത്തിൽ മണ്ണെടുത്തപ്പോൾ അപകടമുണ്ടായ പശ്ചാത്തലത്തിൽ അഞ്ച് മീറ്റർ ഉയരത്തിൽ മണ്ണെടുത്ത സ്ഥലത്തു ചുവന്ന മണ്ണ് നിറയ്ക്കാനും നിർദേശം നൽകും. കമ്പനി, നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. അപകടം സംബന്ധിച്ചു വിശദമായ പഠനത്തിനു മറ്റൊരു സമിതിക്കു കൂടി രൂപം നൽകും.

മണപ്പാട്ടിപറമ്പ് സിഗ്‌നൽ മുതൽ കലൂർ മെട്രോ സ്റ്റേഷൻ വരെയുള്ള റോഡിലെ ഗതാഗതമാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ റോഡ് സുരക്ഷിതമാക്കാനുളള നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കലക്ടർ അറിയിച്ചു. ജലവിതരണം പുനസ്ഥാപിച്ചെങ്കിലും പൂർണ തോതിൽ പമ്പിങ് നടത്തുന്നില്ല. വൈദ്യുതി, ടെലിഫോൺ ലൈനുകൾ മാറ്റി സ്ഥാപിക്കാനാണു മുൻഗണനയെന്നും കലക്ടർ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണു കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. സംഭവത്തെത്തുടർന്ന് മെട്രോ ഗതാഗതം വെട്ടിച്ചുരുക്കിയെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ പുനസ്ഥാപിച്ചു.