കോട്ടയം∙ നഗരത്തിൽ കലക്ട്രേറ്റിനു സമീപമുള്ള കണ്ടത്തിൽ റസിഡൻസി കെട്ടിടത്തിൽ വൻ തീപിടിത്തം. പുലർച്ചെ മൂന്നു മണിയോടെയാണു തീ പിടിച്ചത്. ഷോർട് സർക്യൂട്ട് ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ ഏഴു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കോട്ടയം കൂടാതെ പാമ്പാടി, കടുത്തുരുത്തി, ചങ്ങനാശേരി, ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങിൽനിന്നുള്ള ഫയർഫോഴ്സ് സംഘമാണു തീയണയ്ക്കാനെത്തിയത്. താഴത്തെ നിലയിലുള്ള പേലെസ് ഹൈപ്പർമാർക്കറ്റ് പൂർണമായി കത്തിനശിച്ചു.
ഹൈപ്പർ മാർക്കറ്റിന്റെ വശത്തു പിന്നീടു തീപടർന്നതു കണ്ടതിനെത്തുടർന്ന് വീണ്ടും ഫയർഫോഴ്സ് അതണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. മൂന്നാം നിലയിൽ താമസിച്ച ലോഡ്ജിലെ ആൾക്കാരെ ഒഴിപ്പിക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതേയുള്ളൂ. കടയുടെ എതിർവശത്തായി പെട്രോൾ പമ്പുണ്ടെന്നതിനാൽ തീപിടിത്തം ആശങ്കയുണ്ടാക്കിയിരുന്നു.

കെട്ടിടത്തിനു വെന്റിലേഷനില്ലാത്തതിനാൽ തീയണയ്ക്കാൻ ഫയർഫോഴ്സ് സംഘം ബുദ്ധിമുട്ടി. ഒരു വാതിലിലൂടെ മാത്രമേ അകത്തുകയറാനും ഇറങ്ങാനും സാധിക്കൂ. മാത്രമല്ല, അകത്ത് വസ്ത്രങ്ങൾ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഭാഗത്തേക്കു പ്രവേശിക്കാൻ ഇതുവരെ ഫയർഫോഴ്സ് സംഘത്തിനു കഴിഞ്ഞിട്ടില്ല.

