ഇസ്‌ലാമാബാദ്∙ ബഹിരാകാശ ഗവേഷണ രംഗത്തു സ്വയം പര്യാപ്തരാകാനും, ഇന്ത്യയെ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനുമായി പാക്കിസ്ഥാൻ പുതിയ ബഹിരാകാശ പദ്ധതിക്കു രൂപം നൽകുന്നു. സൈനിക–സൈനികേതര ആവശ്യങ്ങൾക്കായി വിദേശ കൃത്രിമോപഗ്രങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്. ‘ഡോൺ’ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2018–19 സാമ്പത്തിക വർഷത്തിൽ 470 കോടി രൂപയാണ് പാക്കിസ്ഥാന്റെ ബഹിരാകാശ ഗവേഷണ സംഘടനയായ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസേർച്ച് ഓർഗനൈസേഷനായി (സ്പാർക്കോ) നീക്കിവച്ചിരിക്കുന്നത്. ഇതിൽ 255 കോടി രൂപയും പുതിയ മൂന്നു ബഹിരാകാശ ഗവേഷണ പദ്ധതികൾക്കായാണ് ഉപയോഗിക്കുകയെന്നും ‘ഡോൺ’ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ മൾട്ടി–മിഷൻ സാറ്റലൈറ്റ് (പാക്സാറ്റ്–എംഎം1) ആണ് കൂട്ടത്തിലെ ബൃഹത്തായ പദ്ധതി. ഇതിനു മാത്രം ഏതാണ്ട് 135 കോടി രൂപയാണു പാക്കിസ്ഥാൻ മുതൽമുടക്കുന്നത്. കറാച്ചി, ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിൽ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിന് 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കറാച്ചിയിൽ ആരംഭിക്കുന്ന സ്പെയ്സ് ആപ്ലിക്കേഷൻ റിസർച്ച് സെന്ററാണു മൂന്നാമത്തെ പദ്ധതി. ഇതിനായി ഏതാണ്ട് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നിലവിൽ യുഎസ്, ഫ്രഞ്ച് ഉപഗ്രഹങ്ങളെയാണു സൈനിക, സൈനികേതര ആവശ്യങ്ങൾക്കായി പാക്കിസ്ഥാൻ ആശ്രയിക്കുന്നത്. ഇതിനു പകരം, ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യൻ ബഹിരാകാശ സംഘടനയായ ഐഎസ്ആർഒ കൈവരിക്കുന്ന വളർച്ചയും പാക്കിസ്ഥാന്റെ മനസ്സിലുണ്ട്.
2005 മുതൽ ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്പാർകോ വിദ്യാർഥികൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഓരോ വർഷവും ഈ മേഖലയിൽ കൂടുതൽ വളർച്ച ലക്ഷ്യമിട്ട് വ്യത്യസ്തമായ പരിപാടികൾക്കും സ്പാർകോ രൂപം നൽകാറുണ്ട്. ഇതിനു പിന്നാലെയാണ് കൂടുതൽ തുക വകയിരുത്തി ബഹിരാകാശ ഗവേഷണ രംഗത്ത് വളരാനുള്ള പാക്ക് ശ്രമം.