ലോങ്മാർച്ച് മാറ്റിയതിനു പിന്നാലെ സിപിഎം ക്യാംപെയിനു പിന്തുണയുമായി വയൽക്കിളികൾ

സുരേഷ് കീഴാറ്റൂരിന്റെ ഫെയ്സ്ബുക് പോസ്റ്റ്.

കീഴാറ്റൂർ∙ വയൽനികത്തലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാർച്ച് ഉടനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎമ്മിന്റെ പരിസ്ഥിതി സംരക്ഷണ ക്യാംപെയിനു പിന്തുണയുമായി വയൽക്കിളികൾ. സമരത്തിനു നേതൃത്വം നൽകുന്ന സുരേഷ് കീഴാറ്റൂരാണു സിപിഎമ്മിന്റെ പാരിസ്ഥിതിക പദ്ധതിക്കു പ്രശംസയുമായി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ചിത്രം സഹിതമുള്ള കുറിപ്പിങ്ങനെ: ‘ഹരിത കവചം ഒരു നല്ല ആശയം തന്നെയാണ്. ഒരു പ്രസ്ഥാനം മുൻകൈ എടുക്കുന്നത് അഭിനന്ദനീയം. പ്രചാരണത്തിനപ്പുറം ഇതു സംരക്ഷിച്ചു മുന്നോട്ടു പോകാനും സാധിക്കണം’.

കീഴാറ്റൂരിൽ സ്വീകരിച്ച പരിസ്ഥിതി വിരുദ്ധ നിലപാടു തിരുത്താൻ ഒരു മാസം നീളുന്ന പരിസ്ഥിതി സംരക്ഷണ ക്യാംപെയ്നാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. പാർട്ടിയുടെ പരിസ്ഥിതി ദിനാചരണ പരിപാടികൾ പരിസ്ഥിതി ദിനത്തിനും ഒരു മാസം മുൻപേ തുടക്കമിടുകയായിരുന്നു. ജൂൺ അ‍ഞ്ചിനാണ് പരിസ്ഥിതി ദിനം. ഭാഗമായി ശിൽപശാലകൾ, പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം, ശുചീകരണം, പുഴയറിയാൻ യാത്ര, കാവുസംരക്ഷണം, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികളാണു പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുക.

‘കണ്ണൂരിനൊരു ഹരിതകവചം’ എന്ന മുദ്രാവാക്യമുയർത്തി ജൂൺ അഞ്ചിനു ജില്ലയിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 18 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇതിനാവശ്യമായ തൈകൾ ഉൽപാദിപ്പിക്കും. പുഴയോരങ്ങളിൽ കണ്ടൽത്തൈകളും വച്ചുപിടിപ്പിക്കും. ജില്ലയിലെ കാവുകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും സിപിഎം ഏറ്റെടുക്കുമെന്ന് ജില്ലാസെക്രട്ടറി പി.ജയരാജൻ അറിയിച്ചു. 

തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളി സംഘടനയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയപ്പോൾ വയൽ നികത്തലിന് അനുകൂല നിലപാടാണു സിപിഎം സ്വീകരിച്ചത്. നെൽവയൽ – തണ്ണീർത്തട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടിരുന്ന സിപിഎമ്മിന്റെ പുതിയ നിലപാട് രൂക്ഷവിമർശനം ക്ഷണിച്ചുവരുത്തി.

കീഴാറ്റൂർ പ്രശ്നത്തിലെ പാർട്ടി നിലപാടു വിശദീകരിക്കാൻ കണ്ണൂർ ജില്ലയിൽ രണ്ടു മേഖലാ ജാഥകൾ സിപിഎം നടത്തി. ഇതിനു ബദലായി ലോങ് മാർച്ച് അടക്കമുള്ള സമരപരിപാടികളുമായി കീഴാറ്റൂർ ഐക്യദാർഢ്യസമിതി മുന്നോട്ടുപോകാൻ തീരുമാനിച്ചപ്പോഴാണ് സിപിഎം ഒരു മാസം നീളുന്ന പരിസ്ഥിതി സംരക്ഷണ ക്യാംപെയ്ൻ സംഘടിപ്പിച്ചത്. എന്നാൽ വയൽക്കിളികളാകട്ടെ ലോങ്മാർച്ച് ഉടൻ വേണ്ടെന്ന തീരുമാനത്തിലും. ഓഗസ്റ്റ് 11നു തൃശൂരിലായിരിക്കും ലോങ് മാർച്ചിന്റെ തീയതി തീരുമാനിക്കുക.