വാൾമാർട്ട് ഇന്ത്യയിലെ കച്ചവടക്കാരെ തകർക്കും: നയം വ്യക്തമാക്കി സിപിഎം

ന്യൂഡൽഹി∙ റീട്ടെയ്ൽ വ്യാപാര രംഗത്തെ വൻകിട യുഎസ് കമ്പനിയായ വാൾമാർട്ട് ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കിയതിൽ നയം വ്യക്തമാക്കി സിപിഎം. ഇന്ത്യൻ വാണിജ്യരംഗത്തെ പിഴുതെറിയുന്നതിനു വിദേശകമ്പനികൾക്ക് അനുമതി നൽകുകയാണ് ഫ്ലിപ്കാർട്ടിനെ നൽകുന്നതിലൂടെ ചെയ്യുന്നതെന്ന് സിപിഎം പറഞ്ഞു.

വിദേശകമ്പനികളുടെ ഈ കൈകടത്തലിനെ ഇടതുപാർട്ടികൾ ശക്തമായി എതിരിടുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഇത്തരം നീക്കങ്ങൾക്ക് ബിജെപിയും എതിരായിരുന്നു. എന്നാൽ ഇ–കൊമേഴ്സിന്റെ പേരിൽ ബിജെപി ഇതിനെ പിന്തുണയ്ക്കുകയാണ്. ഇന്ത്യയുടെ വ്യാപാരത്തെ മുച്ചൂടും നശിപ്പിക്കാൻ ഇതിലൂടെ അവർക്കും സാധിക്കും.

രാജ്യാന്തര മാർക്കറ്റുകളിൽനിന്നാണു വാൾമാർട്ട് തങ്ങളുടെ സാധനങ്ങൾ സ്വന്തമാക്കുന്നത്. അവ ഇനി ഇന്ത്യയിൽ വിറ്റഴിക്കുകയാകും ചെയ്യുന്നത്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം കച്ചവടക്കാരുടെയും കാർഷിക മേഖലയുടെയും തകർച്ചയാണ് ഇതുവഴി സംഭവിക്കുക. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ ‘മേക്ക് ഫോർ ഇന്ത്യ’ ആക്കുകയാണെന്നും സിപിഎം പറയുന്നു.