തിരുവനന്തപുരം ∙ ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിൽ ക്രമക്കേടില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ടു മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഉൾപ്പെടെ ആറു പേർക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി. വിജിലൻസ് റിപ്പോർട്ട് നിരാകരിക്കണമെന്ന ആവശ്യവും കോടതി തള്ളി.
ഐഎച്ച്ആർഡി ഡയറക്ടറായി സുരേഷ് കുമാറിനെ നിയമിച്ചതു സർക്കാർ അനുമതിയോടെ ആണെന്നും മാനദണ്ഡങ്ങൾ പാലിച്ചിരുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഹർജിയിലെ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ല. കെ.എം. എബ്രഹാമിനെ കൂടാതെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി.ശ്രീനിവാസൻ, സെലക്‌ഷൻ കമ്മിറ്റി അംഗങ്ങളായ ഡോ. ഇ.ജെ. ജെമീസ്, ഡോ. സുരേഷ് ദാസ്, ഡോ. പി.ബി. സുനിൽകുമാർ എന്നിവരും സുരേഷ് കുമാറും എതിർകക്ഷികളായിരുന്നു.
2016 മാർച്ചിലാണു നിയമനം നടന്നത്. കെ.എം. എബ്രഹാം അഡീ.ചീഫ് സെക്രട്ടറിയായിരിക്കെ നിശ്ചിത യോഗ്യത ഇല്ലാത്ത വ്യക്തിയെ ഡയറക്ടറായി നിയമിച്ചെന്നും റാങ്ക് ലിസ്റ്റ് പോലും പരസ്യപ്പെടുത്താതെ നടത്തിയ നിയമനം സ്വജനപക്ഷപാതമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിയിൽ ത്വരിതാന്വേഷണത്തിനു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ നിയമനത്തിൽ ക്രമക്കേട് നടന്നിട്ടില്ലായിരുന്നു വിജിലൻസ് കണ്ടെത്തൽ.