തിരുവനന്തപുരം ∙ മത്സ്യതൊഴിലാളികളുടെ ക്ഷേമനിധി ഫണ്ടിൽ തിരിമറി നടത്തിയ കേസിൽ രണ്ടു പേർക്കു തടവും പിഴയും. അഴീക്കൽ ഫിഷറീസ് മുൻ സബ് ഇൻസ്‌പെക്ടർ വിദ്യാധരൻ, അഴീക്കൽ പുത്തൻപറമ്പിൽ വീട്ടിൽ വി. സുരേഷ് എന്നിവരെയാണു രണ്ടു വർഷം വീതം തടവിനും 20,000 രൂപ വീതം പിഴ അടയ്ക്കാനും വിജിലൻസ് കോടതി ഉത്തരവിട്ടത്. കേസിലെ രണ്ടാം പ്രതി അഴീക്കൽ പഞ്ചായത്തു മുൻ പ്രസിഡന്റ് സോളമൻ നെറ്റോയെ കോടതി വിട്ടയച്ചു.
1995-96,1998-99 എന്നീ രണ്ടു ഘട്ടങ്ങളിലായി ഭവന രഹിതരായ മത്സ്യതൊഴിലാളികൾക്കായി നടപ്പക്കിയ ഭവന വായ്‌പ പദ്ധതി പ്രകാരം സുരേഷിനു രണ്ടു പ്രാവശ്യം പണം നൽകി സർക്കാരിനു 35,000 രൂപ നഷ്ടം വരുത്തിയെന്നാണു വിജിലൻസ് കേസ്. പ്രതികൾക്കു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.