വിദ്യാർഥിനികൾ മുടി രണ്ടായി പിരിച്ചുകെട്ടേണ്ട: ആശ്വാസ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ പല സ്കൂളുകളിലും പെൺകുട്ടികൾ മുടി രണ്ടായി വേർതിരിച്ച് പിരിച്ചുകെട്ടണമെന്ന് അധ്യാപക–അനധ്യാപക ജീവനക്കാർ നിർബന്ധിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാൻ കുട്ടികളോട് ആവശ്യപ്പെടാമെങ്കിലും മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന രീതിയിൽ നിർബന്ധിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ ഉത്തരവിൽ നിർദേശിച്ചു.

രാവിലെ കുളിച്ചശേഷം ഉണങ്ങാതെ മുടി രണ്ടായി വേർതിരിച്ചു പിരിച്ചുകെട്ടിയാൽ മുടിയിൽ ദുർഗന്ധം ഉണ്ടാകും. മുടിയുടെ വളർച്ചയെയും നിലനിൽ‌പിനെയും പ്രതികൂലമായി ബാധിക്കും. പല പെൺകുട്ടികളും രാവിലെ കുളിക്കാതെ സ്കൂളിൽ വരാൻ നിർബന്ധിക്കപ്പെടുന്നുണ്ട്. പ്രഭാത കൃത്യങ്ങൾക്കും പഠനത്തിനുമിടയിൽ മുടി വേർതിരിച്ചു രണ്ടായി പിരിച്ചുകെട്ടാൻ സമയവും പരസഹായവും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു ബാലാവകാശ കമ്മീഷൻ നിരീക്ഷിച്ചിട്ടു‌ണ്ട്.‌

നീളം കുറ‍ഞ്ഞതും കനം കുറഞ്ഞതുമായ മുടിയുള്ളവർ‌ക്കു മുടി രണ്ടായി പകുത്തു കെട്ടുന്നത് അനാകർ‌ഷകമാണ്. പെൺകുട്ടികൾ ആയതിനാലാണു ദുരിതം അനുഭവിക്കുന്നതെന്നും ആൺകുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങളില്ലെന്നുമുള്ള ഹർ‌ജിക്കാരിയുടെ വാദം പരിഗണിച്ചു വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ബാലാവകാശ കമ്മീഷനാണു നിർദേശിച്ചതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.