കാത്തിരുന്ന പരിശോധനാ ഫലങ്ങളെത്തി; വവ്വാലുകളല്ല നിപ്പ വൈറസ് പരത്തിയത്

Kerala Bats
Representative Image

തിരുവനന്തപുരം∙ കേരളത്തിലെ നിപ്പ വൈറസ് ബാധയ്ക്കു പിന്നില്‍ വവ്വാലുകളല്ലെന്നു സ്ഥിരീകരണം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലെ വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളാണ് ഭോപ്പാലിലേക്കയച്ചത്.

വവ്വാല്‍, പന്നി, കന്നുകാലികള്‍, ആട് എന്നിവയുടെ 21 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വവ്വാലിന്റെ മൂന്നു സാംപിള്‍, പന്നിയുടെ എട്ട്, കന്നുകാലിയുടെ അഞ്ച്, ആടിന്റെ അഞ്ച് എന്നിങ്ങനെയാണ് അയച്ചത്. ഇവയിലൊന്നും വൈറസ് കണ്ടെത്താനായിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി.പി. സിങ്ങിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരിശോധനാഫലം ആശ്വാസമാണെങ്കിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. പ്രാണികളെ ഭക്ഷിക്കുന്ന ചെറിയ വവ്വാലുകളുടെ രക്തത്തിന്റെയും സ്രവങ്ങളുടെയും സാംപിളുകളാണ് ഭോപ്പാലിലേക്ക് അയച്ചത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വലിയ വവ്വാലുകളുടെ രക്തത്തിന്റെയും സ്രവങ്ങളുടേയും സാംപിളുകളുടെ പരിശോധനാ ഫലം വരേണ്ടതുണ്ട്. വലിയ വവ്വാലുകളുടെ പരിശോധനയ്ക്കാവശ്യമായ സാംപിളുകള്‍ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ഏപ്രില്‍ 25നും 28നും ഇടയിലാണ് പേരാമ്പ്ര ചങ്ങരോത്ത് സ്വദേശികളായ മൂസ, മക്കളായ സാബിത്ത് സാലിഹ് എന്നിവര്‍ ആപ്പറ്റയില്‍ പുതുതായി വാങ്ങിയ വീട്ടിലെ കിണര്‍ വൃത്തിയാക്കിയത്. മേയ് മൂന്നിന് സാബിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേയ് അഞ്ചിന് സാബിത്ത് മരിച്ചു. മേയ് 18ന് സാലിഹും മരിച്ചു. മൂസയുടെ സഹോദര ഭാര്യ മറിയം മേയ് 19നു മരിച്ചു. മേയ് 20നാണു മരണകാരണം നിപ്പ വൈറസാണെന്ന് കണ്ടെത്തുന്നത്. മൂസയുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംശയം വവ്വാലുകളിലേക്കെത്തിയത്.

മൂസയും കഴിഞ്ഞ ദിവസം മരിച്ചതോടെ മൊത്തം മരണം 12 ആയി.  ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് 29 പേരാണ് നിപ്പ ലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത്.