Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനത്തെ പൊള്ളിച്ച് പെ‌ട്രോൾ; തിരുവനന്തപുരത്ത് ലീറ്ററിന് 82 രൂപ

Fuel Price പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി തുടരവേ കുതിച്ചുയർന്ന് ഇന്ധനവില. വെള്ളിയാഴ്ച പെട്രോളിന് 38 പൈസയും ഡീസലിന് 23 പൈസയുമാണു സംസ്ഥാനത്തു കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് 82 രൂപയായി, ഡീസലിന് 74.60 രൂപ. കൊച്ചിയിൽ യഥാക്രമം 80.79, 73.46; കോഴിക്കോട് 81.58, 74.21 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.

കർണാടക തിരഞ്ഞെടുപ്പിനുശേഷം തുടർച്ചയായി പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വർധിക്കുന്നത്. ജനജീവിതം തകർത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ന്നിട്ടും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടികളും എടുക്കുന്നില്ല. സംസ്ഥാനങ്ങൾ സഹകരിക്കാതെ പ്രശ്നം മറികടക്കാൻ കഴിയില്ലെന്നാണു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്.

അതിനിടെ, രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുമ്പോൾ രാജ്യത്തെ കമ്പനികൾക്കുണ്ടാകുന്ന അപ്രതീക്ഷിത ലാഭത്തിനുമേൽ നികുതി ചുമത്താനും ആ തുക ഉപയോഗിച്ച് ആഘാതം ഒരു പരിധിവരെ താങ്ങാനും സർക്കാർതലത്തിൽ ആലോചനയുണ്ടെന്നു സൂചനയുണ്ട്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണ ഖനനക്കമ്പനികൾ നിലവിൽ ഇന്ത്യയിൽനിന്നു ഖനനം ചെയ്തെടുക്കുന്ന എണ്ണയ്ക്കും രാജ്യാന്തര നിലവാരത്തിലാണു വില കിട്ടുന്നത്. എണ്ണവില ബാരലിന് 70 ഡോളർ പിന്നിടുമ്പോൾ, അധികത്തുകയിന്മേൽ നികുതി ചുമത്താനാണ് ആലോചന.