ഗുവാഹത്തി∙ ഗവർണർ കുമ്മനം രാജശേഖരനോടു മിസോറം വിടാൻ ആവശ്യപ്പെട്ടുള്ള പ്രാദേശിക പാർട്ടികളുടെ പ്രതിഷേധം തുടരുന്നു. കുമ്മനം കടുത്ത ഹിന്ദു അനുഭാവിയാണെന്നാണു പ്രതിഷേധക്കാരുടെ ഭാഷ്യം. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനും ആർഎസ്എസ് പ്രചാരകനുമായ കുമ്മനം രാജശേഖരന്‍ തിങ്കളാഴ്ചയാണു ഗവർണർ സ്ഥാനം ഏറ്റെടുത്തത്. ഗവർണർ പദവി ഏറ്റെടുത്തതിനു പിന്നാലെ അഴിമതി വിരുദ്ധ സംഘടനയായ പീപ്പിൾസ് റപ്രസന്റേഷൻ ഓഫ് ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഓഫ് മിസോറം (പ്രിസം) ആണു പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനത്തുനിന്നു പുറത്താക്കുന്നതിനുള്ള സഹായമഭ്യർഥിച്ചു ക്രൈസ്തവ സഭകളെയും രാഷ്ട്രീയ പാർട്ടികളെയും വിവിധ എൻജിഒകളെയും ‘പ്രിസം’ സമീപിച്ചിട്ടുണ്ട്. ആർഎസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും സജീവ പങ്കാളിയായിരുന്നു. 1983ൽ നിലയ്ക്കല്‍ സമരത്തിൽ കുമ്മനം നേരിട്ടിടപെട്ടിരുന്നു.
കേരളത്തിൽ ക്രിസ്ത്യൻ മിഷനറിയായ ജോസഫ് കൂപ്പർ ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനാണ്. 2003ൽ ക്രിസ്ത്യൻ മിഷനറിമാരെ കേരളത്തില്‍നിന്ന് പുറത്താക്കാൻ കുമ്മനം ശ്രമിച്ചിരുന്നുവെന്നും ‘പ്രിസം’ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.