കൊച്ചി ∙ ലക്ഷ്യമിട്ടതിലുമെത്രയോ അധികം ഉൽപാദനം വർധിച്ചതോടെ പാൽ എങ്ങനെ വിറ്റഴിക്കുമെന്നറിയാതെ മിൽമ. കേരളത്തിലെ ക്ഷീരകർഷകരിൽനിന്നു മിൽമ പ്രതിദിനം സംഭരിക്കുന്നത് 13.64 ലക്ഷം ലീറ്റർ പാൽ. ഇതിൽ 13.15 ലക്ഷം ലീറ്റർ മാത്രമേ വിറ്റഴിക്കാനാകുന്നുള്ളു. ബാക്കി എന്തു ചെയ്യും? കേരളത്തിലങ്ങോളമുള്ള സഹകരണസംഘങ്ങൾവഴി കർഷകർക്ക് ഉയർന്ന വില നൽകി മിൽമ സംഭരിക്കുന്ന പാൽ കൂടിയ വിലയ്ക്ക് വിപണിയിലെത്തുമ്പോൾ മൽസരിക്കേണ്ടതു കുറഞ്ഞ വിലയ്ക്ക് അയൽസംസ്ഥാനങ്ങളിൽനിന്നെത്തു പാലിനോടാണ്. ഈ മൽസരത്തിൽ സ്വാഭാവികമായും തോൽക്കുന്ന മിൽമ, എന്തു പ്രതിരോധം തീർക്കുമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. അധിക പാൽ തമിഴ്നാട്ടിൽ കൊണ്ടുപോയി പാൽപ്പൊടിയാക്കി സൂക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
മിൽമ വ്യാപാരികൾക്കു ലീറ്ററൊന്നിന് 1.74 രൂപയാണ് കമ്മിഷൻ നൽകുന്നത്. അയൽസംസ്ഥാനങ്ങളിലെ സ്വകാര്യ പാൽ കമ്പനികളാവട്ടെ ഒമ്പതു രൂപ വരെയും. കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾ മാത്രമാണു മിൽമ വേണമെന്ന് ഉറച്ച നിലപാടെടുക്കുന്നത്. ഹോട്ടലുകളിലേക്ക് ഏതു പാലായാലും കുഴപ്പമില്ലെന്നതായതിനാൽ കച്ചവടക്കാർ കമ്മിഷൻ കൂടിയ പാൽ തിരഞ്ഞെടുക്കും. ഇന്ത്യയിലെ ഏറ്റവുമുയർന്ന വിലയാണ് കേരളത്തിലെ ക്ഷീരകർഷകർക്കു മിൽമ നൽകുന്നത്. ഗുണനിലവാരമനുസരിച്ച് ലീറ്ററൊന്നിന് 34.50 രൂപ വരെ ലഭിക്കുന്നുണ്ട്. 2017 ഫെബ്രുവരി 11ന് നാലുരൂപ കൂട്ടിയതോടെയാണിത്.
തമിഴ്നാട്ടിൽ 24 മുതൽ 26 രൂപ വരെ മാത്രം. തമിഴ്നാട്ടിൽ സ്വകാര്യകമ്പനികളാവട്ടെ 18 മുതൽ 21 രൂപ വരെയാണ് കർഷകർക്കു നൽകുന്നത്. വില കൂടിയാൽ കേരളത്തിൽ നാലു മുതൽ അഞ്ചു വരെ ശതമാനമാണ് പതിവു പാൽ ഉൽപാദന വർധന. എന്നാൽ ഇത്തവണ അതു പ്രതീക്ഷിച്ചിതിലും എത്രയോ ഇരട്ടിയായി ഉയർന്നു. ശരാശരി 20.24 ശതമാനമാണ് കഴിഞ്ഞ വർഷത്തെ സംഭരണത്തിലുണ്ടായ വർധനവ്.
പാലൊഴുകുന്ന കേരളം
കേരളത്തിലെ മൂന്നു മേഖലാ യൂണിയനുകളിലായി മിൽമ സംഭരിച്ച പാലിന്റെ അളവിലുണ്ടായ വർധനവ് ഇപ്രകാരം: തിരുവനന്തപുരം മേഖല–32, എറണാകുളം–17.2, മലബാർ 15.47. കഴിഞ്ഞവർഷം 10.18 ലക്ഷം ലീറ്റർ പ്രതിദിനം സംഭരിച്ച മിൽമ 2018 ജനുവരി മുതൽ ഏപ്രിൽ വരെ പ്രതിദിനം സംഭരിച്ചത് 12.25 ലക്ഷം ലീറ്റർ പാൽ. എന്നാൽ മേയ് അവസാനവാരമായപ്പോഴേക്കും ഇതു 13,64,000 ലീറ്ററായി ഉയർന്നു. ഇതിൽ 13,15,000 ലീറ്റർ മാത്രമേ വിൽക്കാൻ സാധിക്കുന്നുള്ളൂ. 60,000 മുതൽ 70,000 വരെ ലീറ്റർ പാൽ പ്രതിദിനം വിൽക്കാനാവാതെ ബാക്കിയായി വരുന്നുണ്ട്. ഇതു തമിഴ്നാട്ടിൽ കൊണ്ടുപോയി പാൽപ്പൊടിയാക്കി തിരിച്ചെത്തിച്ചു സൂക്ഷിക്കുന്നു. കേരളത്തിലെ ഏക സർക്കാർ പാൽപ്പൊടി നിർമാണയൂണിറ്റാവട്ടെ ആലപ്പുഴയിൽ പൂട്ടിക്കിടക്കുകയാണ്.
ഇനിയും ഉൽപാദനം കൂടിയാൽ മിൽമയുടെ താളംതെറ്റുമെന്നാണു വിലയിരുത്തൽ. പാൽപ്പൊടിയാക്കി സൂക്ഷിക്കുന്നതോ, പാൽ മറ്റുൽപന്നങ്ങളാക്കി മാറ്റുന്നതോ ലാഭകരമല്ല. കേരളത്തിൽ ഒരു ലീറ്റർ പാൽ പൊടിയാക്കാൻ 320 രൂപ ചെലവു വരുമ്പോൾ രാജ്യാന്തരവിപണിയിൽ പാൽപ്പൊടിക്ക് വില 139 രൂപ മാത്രം. പണ്ട് നാം കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങൾക്കെല്ലാം കുറഞ്ഞ വിലയ്ക്ക് പാൽപ്പൊടി കിട്ടാനുണ്ട്. അയൽസംസ്ഥാനങ്ങളിൽപോലും പാൽപ്പൊടിക്കു കേരളത്തിലെ വിലയില്ല.
പാരയായി അയൽസംസ്ഥാനങ്ങൾ
പ്രതിദിനം സംഭരിക്കുന്ന പാലിൽ 70,000 ലീറ്റർ വരെ വിറ്റഴിക്കാനാവാതെ വരുന്ന അവസരത്തിൽതന്നെയാണ് മൂന്നു മുതൽ മൂന്നര ലക്ഷം ലീറ്റർ വരെ പാൽ അയൽസംസ്ഥാനങ്ങളിൽനിന്നു കേരളത്തിൽ എത്തിച്ചു വിറ്റഴിക്കുന്നത്. കർഷകർക്കു നൽകുന്ന വിലയനുസരിച്ചു മിൽമയ്ക്ക് കേരളത്തിലെ പാൽവില കുറയ്ക്കാനാവില്ല. ഈ വിലയിൽ പാൽ കൂടുതൽ വിറ്റഴിക്കാനാവില്ലെന്ന സാഹചര്യത്തിൽ പാൽ ഇറക്കുമതിയിലും മറ്റും സർക്കാർ ഇടപെടേണ്ട സാഹചര്യം അതിക്രമിച്ചതായാണു വിലയിരുത്തൽ.
കഴിഞ്ഞ യുഡിഎഫ് സർക്കാർ കോടതിയിൽപോയി പാൽവില കൂട്ടാൻ അവകാശം നേടിയത് 2010ലാണ്. അതിനുശേഷം സംഭരണവില കൂട്ടിയത് നാലു തവണ. അതുവഴി കർഷകർക്കു ലഭിച്ചത് 13.96 രൂപ. അതിനു പുറമെയാണ് എൽഡിഎഫ് വന്നശേഷം 2017 ഫെബ്രുവരി 11ന് 3.35 രൂപ കൂട്ടിയത്. വില കൂട്ടിയതിങ്ങനെ: 2010 ജൂൺ (2.76 രൂപ), 2011 സെപ്റ്റബർ (4.20), 2014 ജൂലൈ (2.40), 2012 ഒക്ടോബർ (4.60 രൂപ).
പാലുൽപന്നങ്ങളുടെ വിൽപനയിലും ഇടിവ്
തമിഴ്നാട് ഉൾപ്പടെ അയൽസംസ്ഥാനങ്ങളിൽനിന്നു കുറഞ്ഞ വില നൽകി വാങ്ങുന്ന പാൽ ഉപയോഗിച്ച് തൈരും ചോക്ക്‌ലേറ്റുമുണ്ടാക്കി സ്വകാര്യ കമ്പനികൾക്ക് അവ കുറഞ്ഞ വിലയ്ക്ക് വിൽക്കാനാകുന്നു. ഇതേ വിപണിയിൽ മൽസരത്തിനെത്തുന്ന മിൽമയാവട്ടെ ഉയർന്ന വിലയുമായാണു വരുന്നത്. ഉയർന്ന വില നൽകി കേരളത്തിൽനിന്നു വാങ്ങുന്ന പാൽ ഉപയോഗിച്ച് നിർമിക്കുന്ന പാലുൽപന്നങ്ങൾ കൂടിയ വിലയിലേ വിൽക്കാൻ സാധിക്കൂ.
പാൽകടത്തിലെ ലാഭവഴികൾ
കഴിഞ്ഞ ഫെബ്രുവരിയിലെ വിലവർനവിനെ തുടർന്നു കേരളത്തിലെ പാൽസംഭരണത്തിലുണ്ടായ രണ്ടു ലക്ഷം ലീറ്ററിന്റെ വർധനവെങ്കിലും അയൽസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണോയെന്ന സംശയം മിൽമയ്ക്കുണ്ട്. പാലക്കാട്, ഇടുക്കി ഭാഗങ്ങളിലൂടെയാണ് ഈ പാൽ കടത്തെന്നാണു സംശയിക്കുന്നത്. 15,000 ലീറ്ററിന്റെ ഒരൊറ്റ ടാങ്കർ പാൽ കടത്തിയാൽ കുറഞ്ഞതു ഒന്നര ലക്ഷം രൂപയുടെ ലാഭമുണ്ടാകും.