Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് വെറും വിള്ളലല്ല; ഭൗമരഹസ്യങ്ങളുടെ രാജ്യാന്തര ഭൂപടത്തിലേക്ക് ഇന്ത്യയും

Ramgarh-Crater രാംഡഗ് വിള്ളലിന്റെ സാറ്റലൈറ്റ് ചിത്രം.

ബാരൻ∙ ഒടുവിൽ ആ രഹസ്യം ലോകത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുകയാണ്. ഒപ്പം ഭൗമരഹസ്യങ്ങളുടെ രാജ്യാന്തര ഭൂപടത്തിൽ ഇതാദ്യമായി രാജസ്ഥാനും ഇടംപിടിക്കുന്നു. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് പതിച്ച ഉൽക്കയിൽ നിന്നാണു രാജസ്ഥാനിലെ ‘രാംഗഡ് വിള്ളൽ(ക്രേറ്റർ)’ രൂപപ്പെട്ടതെന്നാണു ഗവേഷകരുടെ കണ്ടെത്തൽ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പാതിയിൽ തുടങ്ങി ഭൗമശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന ഈ വിള്ളലിന്റെ രഹസ്യത്തിനു പിന്നിലെ കാരണം അടുത്തു തന്നെ പുറത്തുവിടാനൊരുങ്ങുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഡൽഹിയിലെ നാഷനൽ ട്രസ്റ്റ് ഫോർ ആർട് ആൻഡ് കൾചർ ഹെറിറ്റേജും. അടുത്ത വർഷം നടക്കുന്ന രാജ്യാന്തര ജിയോളജിക്കൽ സെമിനാറിൽ റിപ്പോർട്ട് അവതരിപ്പിച്ച് അംഗീകാരം നേടാനാണു നാലംഗ പഠന സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ക്രേറ്റർ സന്ദർശിച്ചു സാംപിളുകളും ശേഖരിച്ചു.

രാജസ്ഥാനിലെ ബാരൻ ജില്ലയിലാണു പ്രശസ്തമായ രാംഗഡ് ക്രേറ്റർ. രാംഗഡ് ഗ്രാമത്തില്‍ കണ്ടെത്തിയതു കൊണ്ടായിരുന്നു ആ പേര്. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 200 മീറ്റർ ഉയർന്ന് ഒരു ചെറിയ കുന്നിനു സമാനമാണ് രൂപം. ഇതിനു മുകളിലായി ഏകദേശം മൂന്നര കിലോമീറ്റർ വ്യാസത്തിൽ വിള്ളലും.

ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ 1869ലാണ് ഈ വിള്ളൽ കണ്ടെത്തുന്നത്. അന്നുപക്ഷേ എന്താണിതെന്നു വ്യക്തമായില്ല. പിന്നീട് 1960ൽ ജിയോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ നടത്തിയ പരിശോധനയിലാണ് ഇത് ‘സ്ഫോടനം’ മൂലം ഭൗമോപരിതലത്തിലുണ്ടായ വിള്ളലാണെന്നു വ്യക്തമായത്. എന്നാൽ എന്താണു സ്ഫോടനത്തിനു പിന്നിലെന്നു കണ്ടെത്താനായില്ല. അതിലേക്കുള്ള തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

‘ഏകദേശം മൂന്നു കിലോമീറ്ററെങ്കിലും വ്യാസമുള്ള ഉൽക്ക വന്നിടിച്ചാണു വിള്ളലുണ്ടായതെന്നാണു കണ്ടെത്തൽ. ആ ഉൽക്ക വന്നിടിച്ചതാകട്ടെ ഏകദേശം 75,000 കോടി വർഷങ്ങൾക്കു മുൻപും’– ഗവേഷക സംഘത്തിലെ പ്രഫ.വിനോദ് അഗർവാൾ പറയുന്നു. ഉൽക്ക വന്നിടിച്ച് രൂപപ്പെട്ട രണ്ടു വിള്ളലുകളാണ് ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളത്. ഒന്ന് മഹാരാഷ്ട്രയിലെ ലോണാർ തടാകവും പിന്നൊന്നു മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള വിള്ളലും.

ഉൽക്ക വന്നിടിച്ച് രൂപപ്പെട്ട വിള്ളലുകൾക്കുള്ള അതേ ഘടനയും സ്വഭാവ സവിശേഷതകളുമാണു രാംഗഡിലുമുള്ളതെന്ന് ഗവേഷകർ പറയുന്നു. ഇക്കാര്യം അംഗീകരിക്കപ്പെട്ടാൽ ജിയോ–ഹെറിറ്റേജ് മേഖലയായി രാംഗഡ് മാറും. ഇതിന് അംഗീകാരം നൽകുന്നതാകട്ടെ കാനഡയിലെ രാജ്യാന്തര ഏജൻസിയും. അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളെല്ലാം ആരംഭിച്ചതായി ഗവേഷക സംഘം പറഞ്ഞു.

ഗവേഷക പ്രബന്ധങ്ങൾ തയാറാക്കി. ജേണലുകളിൽ പഠനങ്ങളും പ്രസിദ്ധീകരിച്ചു. രാംഗഡ് വിള്ളലിൽ നിന്നുള്ള സാംപിളുകളുടെ ലാബറട്ടറി പരിശോധനാ ഫലങ്ങളും തയാറായിക്കൊണ്ടിരിക്കുകയാണ്. അംഗീകാരം ലഭിച്ചാൽ ഉൽക്ക വന്നിടിച്ചുണ്ടായ ലോകത്തിലെ 191-ാമത്തെ വിളളലായി മാറും രാംഗഡിലേത്. ഇന്ത്യയിലെ മൂന്നാമത്തെയും രാജസ്ഥാനിലെ ആദ്യത്തെയും.  

അടുത്ത വർഷമാണു രാജ്യാന്തര ഭൗമവിജ്ഞാന കോൺഗ്രസ് ഡൽഹിയില്‍ നടക്കുക. അതിൽ റിപ്പോർട്ട് അവതരിപ്പിച്ച് അംഗീകാരം നേടിയാൽ രാജ്യാന്തര ഭൗമ ഭൂപടത്തിലും രാംഗഡ് ഇടംനേടും. അക്കാര്യത്തിൽ സംശയമൊന്നും വേണ്ടെന്നാണു ഗവേഷകർ പറയുന്നതും.

related stories