കരുത്തുറ്റ നേതൃത്വം വേണം; രാജ്യസഭാ സീറ്റിൽ പ്രശ്നമുണ്ടായെന്നും തിരുവഞ്ചൂർ

കോട്ടയം∙ കേരളത്തിലെ കോൺഗ്രസിനു കരുത്തുറ്റ നേതൃത്വം ആവശ്യമുണ്ടെന്നു മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹവും ഇതാണ്. നേതൃത്വം അതിനൊത്ത് ഉയരണം. ബിജെപിയെയും സിപിഎമ്മിനെയും നേരിടാൻ ഇതാവശ്യമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് വേണ്ടരീതിയിൽ ഗൃഹപാഠം ചെയ്തില്ല. ഇതു പാർട്ടികളും പ്രവർത്തകരുടെ വികാരം മാനിച്ചില്ല. സീറ്റ് സംബന്ധിച്ച് അന്തിമധാരണയുണ്ടാകും മുൻപു തീരുമാനമെടുത്തതാണു പ്രശ്നമെന്നും തിരുവഞ്ചൂർ ‘മനോരമ ന്യൂസി’നോടു പറഞ്ഞു.

നേരത്തേ, വി.ടി.ബൽറാം ഉൾപ്പെടെ യുവ എംഎൽഎമാരും കോൺഗ്രസിലെ നേതൃമാറ്റത്തിന്റെ ആവശ്യം സംബന്ധിച്ചു പ്രസ്താവനകൾ നടത്തിയിരുന്നു.