തിരുവനന്തപുരം ∙ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമം. നഗരങ്ങളെ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കുന്നതു പരിഗണയിലാണ്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. റവന്യൂ, കൃഷി മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
നഗരപ്രദേശങ്ങളിൽ നിന്ന് ഭൂമി നികത്തലുമായി ബന്ധപ്പെട്ട് വളരെയധികം ആവശ്യങ്ങള്‍ വരുന്നു എന്നതാണ് സർക്കാർ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വൻകിട കെട്ടിട നിർമാതാക്കളുടെ സമ്മർദം ഇതിന് പിന്നിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിലവിലുള്ള 2008 ലെ നിയമത്തിൽ ഭേദഗതി വരുത്തുന്നത് നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.
പൊതു ആവശ്യങ്ങൾക്കു ഭൂമി നികത്തുമ്പോഴുണ്ടാകുന്ന മാനദണ്ഡങ്ങൾ, നടപടി ക്രമങ്ങൾ എന്നിവയിൽ ഇളവ് നല്‍കിക്കൊണ്ടുള്ള ഭേദഗതിയാണു പരിഗണിക്കുന്നത്. എന്നാൽ ഈ തീരുമാനത്തോടു റവന്യൂ, കൃഷി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സിപിഐക്ക് ഇപ്പോഴും യോജിപ്പില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇളവുകള്‍ നൽകാനുള്ള നീക്കം നടക്കുന്നത്. മുഖ്യമന്ത്രി എടുക്കുന്നതാകും ഈ വിഷയത്തിൽ അന്തിമ തീരുമാനം.