പാലക്കാട്∙ കളത്തിലെ നെൽക്കൂനയ്ക്കരുകിൽ സംഭരണ വിവരമറിയാതെ ആശങ്കയിലാണു നെൽകർഷകർ. ആരു സംഭരിക്കും എന്നു സംഭരിക്കുമെന്നെതിനെക്കുറിച്ചു ഇതുവരെയുമില്ല കൃത്യമായ വിവരം. നെല്ലെടുക്കാൻ സപ്ലൈകോ വരുമോ, സഹകരണസംഘം വരുമോ– ഒന്നിനുമില്ല ഉത്തരം. നെല്ല് എത്രകാലം കളത്തിലും വീട്ടുമുറികളിലും സൂക്ഷിക്കേണ്ടിവരും. ബാങ്കിലെ വായ്പാ കാലാവധി ഇനിയും നീട്ടികിട്ടുമോ. മാർച്ചിൽ പിഴപലിശ ഉൾപ്പെടെ ഒടുക്കേണ്ട വായ്പയിൽ എന്തുചെയ്യും.– ആകെ വിഷമത്തിലാണു കർഷകർ.
ഇന്നും വരും നാളെ വരുമെന്ന് അറിയിപ്പു വിശ്വസിച്ചു കഴിഞ്ഞ സീസണിൽ നെല്ലുസൂക്ഷിക്കാൻ പെടാപാടായിരുന്നു. മഴയിൽ കുതിർന്ന നെല്ല് ഉണക്കിയും സൂക്ഷിച്ചും വീണ്ടും ഉണക്കിയും വല്ലാതെ വിഷമിച്ചു. ഒടുവിൽ സ്വകാര്യമില്ലുകൾക്കു വിൽക്കേണ്ട അവസ്ഥയുമായി. ഒന്നാംവിള വെള്ളത്തിനടിയിലായപ്പോൾ കഷ്ടി വെള്ളത്തിലാണു രണ്ടാംവിള വളർത്തിയത്. ആശങ്കയുടെ കൊയ്ത്താണു പാടത്ത്. അതേസമയം, നെല്ലു സംഭരണ നടപടികൾ ത്വരിതഗതിയിലാക്കാൻ സപ്ലൈകോ നടപടി തുടങ്ങി. ആവശ്യമായ ജീവനക്കാരെ ഉൾപ്പെടെ ഉടൻ നിയമിക്കുമെന്നു സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
‘കൃഷി വകുപ്പുമായി ചർച്ചചെയ്തു കൂടുതൽ പാഡി മാർക്കറ്റിങ് ഒാഫിസർമാരെ രംഗത്തിറക്കും. സംഭരണവുമായി ബന്ധപ്പെട്ടു കർഷകരുടെ പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകാനും നടപടി ആരംഭിക്കും. നെൽകൃഷിയിൽ പാലക്കാടിന്റെ പ്രധാന്യം കണക്കിലെടുത്ത് ജില്ലയിൽ വിപുലമായ സംവിധാനത്തിനു അടിയന്തര നടപടി സ്വീകരിക്കും’ – സിഎംഡി അറിയിച്ചു. എന്നാൽ സ്വകാര്യമില്ലുകളും തമിഴ്നാട്ടിൽനിന്നുള്ള കച്ചവടക്കാർക്കും കിട്ടുന്ന വിലയ്ക്കു നെല്ലുകൊടുക്കേണ്ട അവസ്ഥയിലാണു കർഷകർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന പാലക്കാട്ട് സംഭരണത്തിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയാണു സപ്ലൈകോ ചെയ്തത്. സംഭരണത്തിലും തർക്കവും വിവാദവുമായി ഒന്നാംവിള സംഭരണം നീണ്ടപ്പോൾ കർഷകർക്കാണു നഷ്ടം സംഭവിച്ചത്.
സംഭരണം അവസാനഘട്ടത്തിൽ ആരംഭിച്ചപ്പോഴേക്കും മിക്ക കർഷകരും കിട്ടുന്ന വിലയ്ക്കു നെല്ലുവിറ്റിരുന്നു. പിന്നീടു സംഭരിച്ച നെല്ലിന്റെ വിലയും സമയത്തിനു കിട്ടിയില്ല. നെല്ലുസംഭരണത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടു നൽകിയതോടെ സംഭരണ നടപടികൾക്കു ശുഷ്കാന്തിയില്ലാതായി, സിപിഐയുടെ കീഴിലുളള സപ്ലൈകോയുടെ സംഭരണ അഴിമതിക്കെതിരെ സിപിഎം ശക്തമായി രംഗത്തുവന്നു. ഉത്തരവാദികൾക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണു പാർട്ടിയുടെ ആവശ്യം. ഈ നീക്കം സിപിഐക്കുള്ളിൽ അസ്വാരസ്യമുണ്ടാക്കി. ഇതിനിടെ സഹകരണസംഘങ്ങൾ മുഖേന നെല്ലുസംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം സാങ്കേതിക പ്രശ്നങ്ങൾ കാരണം
ഈ വർഷം നടപ്പാകാൻ സാധ്യതയില്ല.
ആവശ്യത്തിനു സംഭരണശാലകളും അനുബന്ധ സംവിധാനങ്ങളുമില്ലാത്തതാണു കാരണം. വരൾച്ചയും കടക്കെണിയും വകവയ്ക്കാതെ നെല്ല് ഉൽപാദിപ്പിക്കുന്ന കർഷകൻ ഒരോ സീസണിലും അവഗണിക്കപ്പെടുകയാണ്. സപ്ലൈകോ 23.30 രൂപയ്ക്കാണ് ഒരു കിലോ നെല്ലെടുക്കുന്നത്. സ്വകാര്യമില്ലുകൾ നൽകുന്നത് 17–18 രൂപയ്ക്കും.