പത്തനംതിട്ട∙ ഒരു കിലോഗ്രാം നെല്ലിന്റെ സംഭരണ വില ഈ വരുന്ന സീസൺ മുതൽ 25.30 രൂപ ആയി ഉയർത്തി ഉത്തരവായി. മുൻപ് 23.30 ആയിരുന്നു. 17.50 രൂപ കേന്ദ്ര സർക്കാർ വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവും ഉൾപ്പെടുന്ന തുകയാണ് ഇത്. രാജ്യത്ത് ഏറ്റവും അധികം സംസ്ഥാന വിഹിതം നൽകുന്ന സംസ്ഥാനം കേരളം ആണ്. ഈ വർഷത്തെ സംഭരണ സീസൺ റജിസ്ട്രേഷൻ ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും.
പാലക്കാട് ജില്ലയിൽ റജിസ്ട്രേഷൻ നടത്തുന്ന സമയം കർഷകർക്കു അംഗത്വമുള്ള നെൽകർഷക സഹകരണ സംഘങ്ങളുടെ പേരു കൂടി നൽകണം. സഹകരണ സംഘങ്ങൾ വഴി സംഭരിച്ച ഉടനെ തന്നെ കർഷകർക്കു പണം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ പ്രക്രിയ. സഹകരണ സംഘങ്ങളെ നെല്ലു സംഭരണ പദ്ധതിയുടെ ഭാഗമാക്കുന്ന സർക്കാർ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ നടപടി. സംഭരിക്കുന്ന നെല്ലിന്റെ തന്നെ അരി ജനങ്ങൾക്കു ലഭ്യമാക്കുന്നു എന്നതു നിരീക്ഷിക്കാൻ ജില്ലാതല മോണിറ്ററിങ് സംവിധാനം രൂപീകരിക്കും. സഹകരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.