Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിനു മുൻപ് കർഷകരെ പാട്ടിലാക്കാൻ മോദി സർക്കാർ; നെല്ലിന്റെ താങ്ങുവില ഉയർത്തി

paddy

ന്യൂഡൽഹി∙ നെല്ലിന്റെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ക്വിന്റലിന് 200 രൂപ വർധിക്കും. എല്ലാ വിളകൾക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നൽകും. സർക്കാരിന് അയ്യായിരം മുതല്‍ പന്ത്രണ്ടായിരം കോടി രൂപയുടെ അധികബാധ്യതയാണ് ഇതിനായി പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യമെങ്ങും കർഷക പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് ആശ്വാസ നടപടി. നെല്ലിന് പുറമെ പരുത്തി, പയറുവര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തി.

ഖാരിഫ് വിളകൾക്ക് ഉൽപ്പാദനച്ചെലവിനെക്കാൾ 50% താങ്ങുവില നൽകാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കർഷകസമൂഹത്തിന് ആത്മവിശ്വാസമുയർത്തുന്ന വിപ്ലവകരമായ തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അതേസമയം, വിലക്കയറ്റമുണ്ടാകാതിരിക്കാനുള്ള മുൻകരുതലും സർക്കാർ എടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കരിമ്പു കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിൽ താങ്ങുവില ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റിലും വിലവര്‍ധന പരാമര്‍ശിച്ചു. രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണു മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപനമുണ്ടായതെന്നതു ശ്രദ്ധേയമാണ്. യുപിഎ ഒന്നാം സര്‍ക്കാരാണ് ഇതിനുമുന്‍പ് കാര്യമായ ഇടപെടല്‍ നടത്തിയത്. അന്നു നെല്ലിന് അന്‍പത് രൂപ ബോണസോടു കൂടി നൂറ്റിയന്‍പതു രൂപ വര്‍ധിപ്പിച്ചു.

ഐഐടി, എൻഐടി, ഐസർ, കേന്ദ്ര സർവകലാശാലകൾ, സർവകലാശാലകൾ തുടങ്ങി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഗവേഷണവികസനത്തിനും പ്രത്യേക ഫണ്ടിങ് ഏജൻസി (ഹെഫ) രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2022 നകം ഏജൻസി ഇതിനായി ഒരു ലക്ഷം കോടി രൂപ കണ്ടെത്തും.