Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ല് സംഭരണം: കർഷകർക്ക് എല്ലാ സഹ. ബാങ്ക് വഴിയും പണം

paddy

തിരുവനന്തപുരം∙ നെൽക്കർഷകർക്കു നെല്ലിന്റെ സംഭരണ വില ഇനി സഹകരണ ബാങ്കുകൾ വഴിയും. കർഷകർ സ്വകാര്യ മില്ലുടമകൾക്കു നൽകുന്ന നെല്ലിനു പകരമായി ലഭിക്കുന്ന പിആർഎസ് രസീത് ഇനി മുതൽ സഹകരണ ബാങ്കുകളിൽ നൽകിയാലും പണം ലഭിക്കും. സംഭരണം പൂർണമായും സഹകരണ സംഘങ്ങൾ വഴിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു നടപടി. 

നിലവിൽ ആറു ജില്ലാ സഹകരണ ബാങ്കുകൾ ഉൾപ്പെടെ 15 ബാങ്കുകൾ വഴിയാണു കർഷകർക്കു പണം നൽകിയിരുന്നത്. ബാങ്കുകളും സപ്ലൈകോ അധികൃതരുമായി ഇതു സംബന്ധിച്ചു കരാറുണ്ടാക്കിയിരുന്നു. ഇതനുസരിച്ചു കർഷകർ നൽകുന്ന നെല്ലിന്റെ അളവിന് അനുസരിച്ചുള്ള തുകയ്ക്ക് രസീത് നൽകും. ഇതു സർക്കാർ നിർദേശിച്ച ബാങ്കുകളിൽ നൽകി മൂന്നു ദിവസത്തിനുള്ളിൽ പണം നൽകുന്നതാണു രീതി. 

പുതിയ തീരുമാനമനുസരിച്ചു പിആർഎസ് നൽകുന്ന കർഷകർക്കു സഹകരണ ബാങ്കുകൾ അപ്പോൾ തന്നെ പണം നൽകും. കർഷകർക്കു നൽകുന്ന തുകയ്ക്കു മറ്റു ബാങ്കുകൾക്കു നൽകുന്നതു പോലെ 9.5 ശതമാനം പലിശയും സർക്കാർ സഹകരണ ബാങ്കുകൾക്ക് അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

നെല്ല് സംഭരിക്കുന്നതിനു സ്വകാര്യമില്ലുടമകളും കർഷകർക്കു പണം അനുവദിക്കുന്നതിനു ബാങ്കുകളും ഒട്ടേറെ വ്യവസ്ഥ മുന്നോട്ടു വയ്ക്കുന്ന സാഹചര്യത്തിലാണു ബദൽ മാർഗമായി സഹകരണ സംഘങ്ങൾ വഴിയുള്ള നെൽ സംരഭരണത്തിനു സർക്കാർ നീക്കം നടത്തുന്നത്. 

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ അധ്യക്ഷതയിലുള്ള സമിതിയെ ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിയോഗിച്ചിരുന്നു. സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. അടുത്ത വർഷം മുതൽ സംസ്ഥാനത്തെ നെൽ സംഭരണവും സംസ്കരണവും പൂർണമായും സഹകരണ സംഘങ്ങൾ വഴിയാക്കുകയാണു ലക്ഷ്യം.

ബ്രാൻഡഡ് അരിയാക്കാൻ നിർദേശം

കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ല് സംസ്കരിച്ചു പ്രത്യേക ബ്രാൻഡഡ് അരി വിപണിയിലെത്തിക്കാൻ കഴിയുമെന്നു സഹകരണ സംഘങ്ങൾ സർക്കാരിനെ അറിയിച്ചു. നെല്ല് അരിയാക്കി സപ്ലൈക്കോയ്ക്കു നൽകുന്നതിനൊപ്പം ബ്രാൻഡഡ് അരി പൊതുവിപണിയിൽ വിൽക്കുന്നതിന് അനുമതി നൽകണമെന്നു സംഘങ്ങൾ പഠന സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ല് സംസ്കരിക്കുന്നതിനു സർക്കാർ മേഖലയിൽ കൂടുതൽ മില്ലുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.