പാലക്കാട്∙ നെല്ലു സംഭരണത്തിൽ ക്രമക്കേടുണ്ടെന്ന വിജിലൻസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് കോർപറേഷനിലെ വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സംഭരണം നടക്കുന്ന ജില്ലകളിലെ പ്രധാന കൃഷി ഒാഫിസുകൾ എസ്പി എസ്.സുനിൽകുമാർ നേരിട്ടു പരിശോധിച്ചു.
ഒന്നാം വിള സംഭരണം പൂർത്തിയാകുന്ന പാലക്കാട്, ആലത്തൂർ, കുഴൽമന്ദം, കണ്ണാടി കൃഷിഭവനുകളിലും ചില മില്ലുകളിലുമായിരുന്നു പരിശോധന. വിവിധ ഉദ്യോഗസ്ഥരുമായും അദ്ദേഹം വിഷയം ചർച്ച ചെയ്തു. രണ്ടാം വിള സംഭരണത്തിൽ നെല്ലളക്കൽ നിരീക്ഷിക്കാനും സംവിധാനം അഴിച്ചു പണിയാനുമാണു കോർപറേഷന്റെ നീക്കമെന്നറിയുന്നു. റജിസ്റ്ററിൽ രേഖപ്പെടുത്തിയ നെല്ല് കർഷകന്റെ കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിച്ച് ബോധ്യപ്പെടണമെന്ന് നിർദ്ദേശം നൽകിയതായി എസ്പി പറഞ്ഞു. പ്രശ്നം കോർപറേഷൻ എംഡിയുമായി അടുത്ത ദിവസം ചർച്ചചെയ്യും.
നെല്ലുസംഭരണ തീയതി നിശ്ചയിക്കുന്നതു മുതൽ സ്വകാര്യ മില്ലുകാരുടെ ഇടപെടലുണ്ടെന്നാണ് ഇന്റലിജൻസ് പറയുന്നത്. സംഭരണം നീളുന്നതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ട്. ജീവനക്കാർ നെല്ലു പരിശോധിക്കുന്നില്ലെന്നും മില്ലുടമകളുടെ ഏജന്റുമാരാണ് അളവ് രേഖപ്പെടുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നെല്ലിന്റെ അളവ് രേഖപ്പെടുത്തുന്ന പിആർഎസ് രസീത് നൽകേണ്ടത് ഉദ്യോഗസ്ഥരാണെങ്കിലും അതിനുള്ള യന്ത്രം മുഴുവൻ മിൽ ഏജന്റുമാർ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. നേരത്തെ ജീവനക്കാർ വശമുണ്ടായിരുന്ന യന്ത്രം മാറ്റിയത് സംശയാസ്പദമാണ്. സംഭരണത്തിനുളള ജീവനക്കാരെ കൃഷിവകുപ്പിൽ നിന്നു വർക്കിങ് അറേഞ്ചുമെന്റിലാണ് സിവിൽ സപ്ലൈസ് എടുക്കുന്നതു തെറ്റായ കീഴ്വഴക്കമാണ്. നടപടികൾ കൃഷിഭവൻ മുഖേന പൂർത്തിയാക്കാവുന്നതേയുളളുവെന്നും വിജിലൻസ് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു.