മലാലയെ കൊലപ്പെടുത്താൻ നിർദേശം നൽകിയ താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു

മൗലാന ഫസ്‌ലുല്ല (ഫയൽ ചിത്രം)

കാബൂൾ ∙ പാക്ക്–താലിബാൻ കമാൻഡർ മൗലാന ഫസ്‌ലുല്ല യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണു വിവരം. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഫസ്‌ലുല്ല ‘റേഡിയോ മൗലാന’ എന്നും അറിയപ്പെട്ടിരുന്നു. സ്വാത് താഴ്‌വരയിൽ 2006 മുതൽ നടത്തിയിരുന്ന വിദ്വേഷം നിറഞ്ഞ സുദീർഘമായ റേഡിയോ പ്രഭാഷണങ്ങളുടെ പേരിലായിരുന്നു ഇത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ്സായിയെ വെടിവച്ചു കൊലപ്പെടുത്താൻ നിർദേശം നൽകിയതും ഫസ്‌ലുല്ലയായിരുന്നു. 2012 ഒക്ടോബറിൽ നടന്ന ആക്രമണത്തിൽ തലനാരിഴയ്ക്കാണു മലാല രക്ഷപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മൂന്നു സഹോദരന്മാരും പിടിയിലായിരുന്നു.

പാക്കിസ്ഥാനിലെ പെഷാവറിൽ 130 സ്കൂൾ കുട്ടികളെ കൂട്ടക്കൊലയ്ക്കിരയാക്കിയതിനു പിന്നിലും ഇയാളായിരുന്നു. നാൽപത്തിനാലുകാരനായ ഇയാൾക്കായിരുന്നു നേരത്തേ സ്വാത് താഴ്‌വരയിലെ താലിബാൻ പ്രവർത്തന നേതൃത്വം.

അഫ്ഗാൻ സൈന്യത്തോടൊപ്പം യുഎസ് നടത്തിയ ആക്രമണത്തിലാണു ഫസ്‌ലുല്ല കൊല്ലപ്പെട്ടതെന്നാണു വിവരം. പാക്ക് അതിർത്തിയിലെ അഫ്ഗാൻ പ്രവിശ്യയായ കുനാറിൽ നടത്തിയ വെടിവയ്പിലാണു ഫസ്‌ലുല്ല കൊല്ലപ്പെട്ടതെന്നു യുഎസ് സൈന്യവും സ്ഥിരീകരിച്ചു. അഫ്ഗാൻ പ്രതിരോധ വകുപ്പും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ താലിബാൻ പ്രതികരിച്ചിട്ടില്ല.