സെന്റ് ലൂസിയ ∙ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തുചുരണ്ടൽ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഐസിസി. മൽസരത്തിൽ പന്തിൽ കൃത്രിമം നടത്തിയെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ചു റൺസ് അനുവദിച്ചു നൽകിയിരുന്നു. കേപ് ടൗൺ ടെസ്റ്റിൽ ഓസിസ് ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റിനെതിരെയും സമാനമായ കുറ്റമാണു ചുമത്തിയിരുന്നത്.
തർക്കമുയർന്നതിനെതുടർന്നു ടെസ്റ്റിലെ മൂന്നാം ദിനം കളി തുടങ്ങാൻ വൈകി. ഒന്നാമിന്നിങ്സിൽ ശ്രീലങ്ക 253 റണ്‍സെടുത്തിരുന്നു. തങ്ങളുടെ കളിക്കാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. കളിയുടെ രണ്ടാം ദിവസത്തെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണു പന്തിലെ കൃത്രിമം കണ്ടെത്തിയത്. 2016–17 ൽ സമാനമായ സാഹചര്യത്തിനു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയെയും കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.