ന്യൂഡൽഹി ∙ ബിസിസിഐ, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിൽ ഭാരവാഹിയാകാൻ അയോഗ്യതയുള്ളയാൾക്കു രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ പ്രതിനിധീകരിച്ചു പങ്കെടുക്കാനാവില്ലെന്നു സുപ്രീം കോടതി.
ഇന്ത്യൻ ക്രിക്കറ്റ് സംഘടനകളിലേക്കു മൽസരിക്കാൻ വിലക്കുള്ളയാൾ എങ്ങനെ രാജ്യാന്തര സംഘടനയിലേക്കു മൽസരിക്കും? നേരിട്ടു ചെയ്യാനാവാത്ത കാര്യം, വളഞ്ഞ വഴിയിലൂടെയും ചെയ്യാനാവില്ല – ജസ്റ്റിസ് ദീപക് മിശ്ര, എ.എം.ഖൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യൻ പ്രതിനിധിയായി ഐസിസിയിലെത്താൻ ചരടുവലിക്കുന്ന ബിസിസിഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസനു കനത്ത തിരിച്ചടിയാണു കോടതി വിധി.
ജസ്റ്റിസ് ലോധ സമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംഘടനയിൽ അയോഗ്യത നേരിടുന്നയാൾക്ക് ഐസിസി യോഗത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത തേടി ഇടക്കാല ബിസിസിഐ ഭരണകൂടം സമർപ്പിച്ച ഹർജിയിലാണു സുപ്രീം കോടതിയുടെ പരാമർശം.
അയോഗ്യതയുള്ളയാൾക്ക് എല്ലായിടത്തും അതു ബാധകമാണ്. ഭാരവാഹികൾക്ക് 70 വയസ്സ് പ്രായപരിധി കോടതി നിശ്ചയിച്ചിട്ടുണ്ട്. സ്വന്തം ഉത്തരവ് ലംഘിക്കപ്പെടുന്നതു തങ്ങൾക്ക് അനുവദിക്കാനാവില്ല – കോടതി വ്യക്തമാക്കി. ശശാങ്ക് മനോഹർ ഐസിസി അധ്യക്ഷപദം ഒഴിഞ്ഞതോടെ, ആ സ്ഥാനം പിടിക്കാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണിയറ നീക്കങ്ങൾ സജീവമാണ്.
ബിസിസിഐ മുൻ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനെതിരെ രംഗത്തുണ്ട്. ഐസിസിയിലേക്കുള്ള ഇന്ത്യൻ പ്രതിനിധിയായി മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പേരും ഉയർന്നിട്ടുണ്ട്.