മദ്യവർജനം നയത്തിൽ മാത്രം; കണ്ണൂരിൽ ബീയർ ഉൽപാദന കേന്ദ്രത്തിന് സർക്കാർ അനുമതി

തിരുവനന്തപുരം ∙ മദ്യവര്‍ജനമാണ് നയമെന്ന് ആവര്‍ത്തിക്കുമ്പോഴും പുതിയ മദ്യ ഉല്‍പാദനശാലകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രതിമാസം അഞ്ചു ലക്ഷം കേയ്‌സ് ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി കണ്ണൂര്‍ ജില്ലയിലെ വാരത്തു സ്ഥാപിക്കാന്‍ ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ മൂന്നാമത്തെ ബീയര്‍ ഉല്‍പാദന കേന്ദ്രമാണ് കണ്ണൂരിലേത്. പാലക്കാടും, തൃശൂര്‍ ഇപ്പോള്‍ ബീയര്‍ ഉല്‍പാദന കേന്ദ്രങ്ങളുണ്ട്.

കേരളത്തില്‍ വില്‍ക്കുന്ന ബീയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് കണ്ണൂര്‍ വാരത്ത് ചെലോറ വില്ലേജില്‍ ബ്രൂവറി തുടങ്ങുന്നതെന്നും ബ്രൂവറി ആരംഭിച്ചാല്‍ നിരവധി ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

നികുതി ഇനത്തില്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നതിനാല്‍ പുതിയ ബ്രൂവറി അനുവദിക്കണമെന്ന് എക്‌സൈസ് കമ്മിഷണറും ശുപാര്‍ശ നല്‍കിയിരുന്നു. പദ്ധതി തുടങ്ങുന്നതിന് കണ്ണൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ഒരു മാസം മുന്‍പ് സാധ്യതാ വിശകലന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മദ്യശാലകളുടെ എണ്ണം കുറഞ്ഞപ്പോഴും ബവ്‌റിജസ് കോര്‍പറേഷന്റെ വരുമാനം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷം കോര്‍പറേഷന്റെ വരുമാനം 11,024 കോടി രൂപയായിരുന്നു. 2016-17 വര്‍ഷത്തെ വരുമാനം 10,353 കോടി രൂപയും. 671 കോടി രൂപയുടേതാണ് വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷം 205.41 ലക്ഷം കേയ്‌സ് മദ്യവും 150 ലക്ഷം കേയ്‌സ് ബീയറും വില്‍പന നടത്തി. 2017-18 സാമ്പത്തിക വര്‍ഷം 208 ലക്ഷം കേയ്‌സ് മദ്യവും 115 ലക്ഷം കേയ്‌സ് ബീയറുമാണ് വില്‍പന നടത്തിയത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 86 പുതിയ ബാറുകള്‍ക്കു ലൈസന്‍സ് നല്‍കിയിട്ടുണ്ട്. മേയ് അവസാനത്തെ കണക്കനുസരിച്ച് ലൈസന്‍സിനുള്ള  21 അപേക്ഷകള്‍ എക്‌സൈസ് കമ്മിഷണര്‍ക്കു ലഭിച്ചിട്ടുണ്ട്.