Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപ്രളയം ആരുടെ വക?

Thiruvanchoor Radhakrishnan, T.P. Ramakrishnan തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം∙ പ്രളയത്തിന്റെ മറവിൽ കേരളത്തിൽ മദ്യപ്രളയം സൃഷ്ടിക്കാനാണു സർക്കാരിന്റെ ശ്രമമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. പ്രളയത്തിന്റെ മറവിലാണു ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയത്. ആരോപണം ഉയർന്നപ്പോൾ പ്രളയത്തിന്റെ പേരു പറഞ്ഞു തന്നെ അനുമതി പിൻവലിച്ചു.

ഇപ്പോൾ വിദേശനിർമിത വിദേശമദ്യം ബീയർ/വൈൻ പാർലറുകളിൽ വിൽക്കാൻ അനുമതി നൽകിയിരിക്കുന്നു. ക്ലബുകളിലും വിൽക്കാം. ബവ്റിജസ് കോർപറേഷൻ വഴിയല്ലാതെ കമ്പനികൾക്കു നേരിട്ട് ഇതു വിൽക്കാനാണ് അനുമതി. രാജ്യാന്തര മദ്യമാഫിയയ്ക്കു കേരളത്തിൽ അഴിഞ്ഞാടാനുള്ള അനുമതിയാണിത്. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. കാസിനോകളും ഡാൻസ് ബാറുകളുമാകും അടുത്തതായി അനുവദിക്കുകയെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു.

ഈ വിഷയം നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ താൻ നോട്ടിസ് നൽകിയിരുന്നു. എന്നാൽ സഭ സ്തംഭിച്ചതിനാൽ അതു നടന്നില്ല. ഈ ഇടപാടിൽ ആർക്കെല്ലാം എത്രയെല്ലാം കിട്ടിയെന്ന് അറിയാൻ ജനത്തിനു താൽപര്യമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. തുടർന്നു മാധ്യമങ്ങളെ കണ്ട മന്ത്രി ടി.പി. രാമകൃഷ്ണൻ, ബവ്റിജസ് വഴി വിദേശനിർമിത വിദേശമദ്യം വിൽക്കാനുള്ള നടപടിക്കു തുടക്കമിട്ടതു കഴിഞ്ഞ സർക്കാരാണെന്ന് ആരോപിച്ചു. മുൻമന്ത്രി കെ. ബാബു ഇതിനുള്ള നിർദേശം നൽകിയെങ്കിലും നടപ്പായില്ല. വിദേശനിർമിത വിദേശമദ്യം ബവ്റിജസ് വഴി വിൽക്കുമെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സബ്ജക്റ്റ് കമ്മിറ്റി അംഗീകരിച്ച ധനകാര്യ ബില്ലിൽ പ്രതിപക്ഷം വിയോജനമൊന്നും രേഖപ്പെടുത്തിയില്ല.

വിദേശനിർമിത വിദേശമദ്യം വിതരണം ചെയ്യാൻ ബവ്റിജസ് കോർപ്പറേഷൻ പരസ്യ ടെൻഡറാണു വിളിച്ചത്. താൽപര്യമറിയിച്ച എല്ലാ കമ്പനികൾക്കും അനുമതി നൽകി. കഴിഞ്ഞ ഓഗസ്റ്റ് 20 മുതൽ നവംബർ 30 വരെ 8.25 കോടി രൂപയ്ക്കു 36,510 ബോട്ടിൽ വിദേശനിർമിത മദ്യമാണു വിറ്റത്. വീര്യം കൂടിയ മദ്യം വിൽക്കുമെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല.