സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഇനി അളക്കും; നടപടിയായി

കൊല്ലം∙ കശുവണ്ടിയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഗുണമേന്മ പരിശോധിക്കുന്ന ലാബിൽ ഇനി സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും മേന്മയും വിലയിരുത്തും. മുണ്ടയ്ക്കലിലുള്ള കാഷ്യു എക്സ്പോർട്ട് ആൻഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തുള്ള (സിഇപിസിഐ) ലാബിലാണു പരിശോധനകൾ ആരംഭിച്ചിട്ടുള്ളത്.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണവിഭവങ്ങളുടെയും ഇവയുടെ പാചകത്തിനായും കുടിക്കാനായും ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെയും ഗുണനിലവാര പരിശോധനയാണു സിഇപിസിഐ ലബോറട്ടറി ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത്. 12,000 സ്കൂളുകളിലെ സാംപിളുകളാണ് ഈ വർഷം ശേഖരിക്കുക. ഇതിൽ ശേഖരിച്ചിടത്തോളം സാംപിളുകളുടെ പരിശോധന തുടങ്ങി. ലാബ് നിയോഗിച്ചിട്ടുള്ള സംഘം നേരിട്ടെത്തി സാംപിളുകൾ ശേഖരിക്കും. ലാബ് അധികൃതരും പൊതുവിഭ്യാസ വകുപ്പും രണ്ടു മാസം മുൻപ് ഇതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.

കശുവണ്ടിയുടെയും അനുബന്ധ ഉൽപന്നങ്ങൾക്കും പുറമെ കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, പഴച്ചാറുകൾ തുടങ്ങിവയുടെ ഗുണമേന്മ പരിശോധന നടത്താനും സജ്ജീകരണങ്ങളുള്ളതാണു ലാബ്. കെമിക്കൽ, മൈക്രോബയോളിക്കൽ വിഭാഗങ്ങളിലായി വിദഗ്ധരുടെ സേവനം ഇവിടെ ലഭ്യമാണ്. 1997ൽ ആരംഭിച്ച ലാബിനു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലെ നാഷനൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോട്ടറീസ് (എൻഎബിഎൽ), കേന്ദ്ര ഉപഭോക്തൃ വകുപ്പിനു കീഴിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരമുണ്ട്. ജലത്തിലെ ദോഷകരമായ ഘടകങ്ങൾ കണ്ടെത്താനുള്ള കെപിസിബി ഗ്രേഡ് എ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

പരിശോധന ഇങ്ങനെ

ഉച്ചഭക്ഷണ വിഭവങ്ങളിൽ ഇ കോളി, സാൽമൊണല ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടോയെന്നും കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെയും മറ്റു ദോഷകരമായ വസ്തുക്കളുമുണ്ടോയെന്നുമാണു പരിശോധിക്കുക. ഉച്ചഭക്ഷണത്തിലെ ചോറ് പരിശോധനയ്ക്കെടുക്കില്ല. ഓരോ സാംപിളിന്റെയും പരിശോധനയ്ക്കു രണ്ടു മുതൽ അഞ്ചു ദിവസം വരെ വേണ്ടി വരും.