ട്രക്കിങ്ങിനിടെ കൊടുംകാട്ടിൽ മൂന്നു രാവും പകലും കുടുങ്ങി മലയാളി; രക്ഷയായി ഗുഹ

Representative Image

ഗോപേശ്വർ∙ ട്രക്കിങ്ങിനിടെ ഉത്തരാഖണ്ഡിലെ ഘോരവനത്തിൽ കുടുങ്ങിയ മലയാളിയെ മൂന്നു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ പ്രേം ചന്ദ്രനെ(67)യാണ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷപ്പെടുത്തിയത്. മൂന്നു രാത്രിയും പകലും കാട്ടിലെ ഒരു ഗുഹയിലാണ് ഇദ്ദേഹം കഴിച്ചുകൂട്ടിയത്. 

പ്രേം ചന്ദ്രൻ ആരോഗ്യവാനാണെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ വനത്തിൽ ട്രക്കിങ്ങിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. യാത്രയ്ക്കിടെ വഴിതെറ്റുകയായിരുന്നുവെന്നാണ് സൂചന. 

പ്രശസ്തമായ രൂപ്കുണ്ഡ്–ബേദിനി ബുഗ്യാൽ ട്രെക്കിങ്ങിനിടെയാണു സംഭവം. ചൊവ്വാഴ്ചയാണു പ്രേം ചന്ദ്രനെ കാണാതായത്. തുടർന്ന് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ഗുഹയിൽ നിന്ന് ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളും തിരച്ചിലിൽ പങ്കുചേർന്നിരുന്നു. 

അലി ബുഗ്യാലിനും ദാദ്ന ഗ്രാമത്തിനും ഇടയിലെ കാട്ടിലാണ് പ്രേം അകപ്പെട്ടത്. ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു പൊലീസ് വ്യക്തമാക്കി. രക്ഷപ്പെടുത്തിയതിന് അധികൃതർക്കു പ്രേം നന്ദിയും രേഖപ്പെടുത്തി.