കൊല്‍ക്കത്ത ∙ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പുരില്‍ തങ്ങളുടെ ആസ്ഥാനം സന്ദര്‍ശിച്ചതോടെ സംഘടനയിലേക്ക് ആളൊഴുക്കെന്ന് ആര്‍എസ്എസ്. പ്രണബിന്റെ വരവോടെ അംഗത്വമെടുക്കാനുള്ള അപേക്ഷകളിൽ നാലിരട്ടി വര്‍ധനവാണുണ്ടായതെന്ന് ആര്‍എസ്എസ് പറയുന്നു. പ്രണബിന്റെ സന്ദര്‍ശനത്തിനു മുമ്പ് പ്രതിദിനം ശരാശരി 400 പേരാണ് പോര്‍ട്ടലിലൂടെ സംഘടനയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ജൂണ്‍ ഏഴിലെ പ്രണബിന്റെ സന്ദര്‍ശനത്തിനു ശേഷം 1779 പേരാണ് അപേക്ഷ നല്‍കിയത്. കൂടുതലും ബംഗാളില്‍നിന്നുള്ളവരാണെന്ന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പ്രണബ് നാഗ്പുരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. തുടര്‍ന്ന് നന്ദി അറിയിച്ച് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യ പ്രണബിനു കത്തയയ്ക്കുകയും ചെയ്തു. പ്രണബിന്റെ സന്ദര്‍ശനത്തിനു ശേഷം സംഘടനയില്‍ ചേരാന്‍ ആളുകള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിനെക്കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.