ന്യൂഡൽഹി∙ സിഐടിയു പിന്തുണയിൽ കിസാൻ സഭ നടത്തുന്ന രാജ്യ വ്യാപക കർഷക സമരം വിജയിപ്പിക്കാൻ വമ്പൻ ഫണ്ട് പിരിവിന് ആഹ്വാനം. വില്ലേജ് തലം വരെ വീടുവീടാന്തരം ബക്കറ്റ് പിരിവ് നടത്തി അഞ്ചു കോടി രൂപ പിരിച്ചെടുക്കാനാണു നിർദേശം. കിസാൻ സഭയ്ക്കു മാത്രം ഒന്നരക്കോടി അംഗബലം ഉണ്ടെന്നും നേതാക്കൾ അറിയിച്ചു.
ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒൻപതിന് ജയിൽ നിറയ്ക്കൽ സമരം, മുന്നൂറോളം ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം എന്നിവ നടത്തും. 10 കോടി പ്രതിഷേധ ഒപ്പുകൾ ശേഖരിച്ചു പ്രധാനമന്ത്രിക്ക് അയയ്ക്കും. സെപ്റ്റംബർ അഞ്ചിന് അഞ്ചു ലക്ഷം പേർ പങ്കെടുക്കുന്ന കർഷക സമരം ഡൽഹിയിൽ നടത്തുമെന്നും കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നാൻ മെല്ല, പ്രസിഡന്റ് അശോക് ധാവ്‌ല, ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ്, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ എന്നിവർ അറിയിച്ചു.
മുംബൈയിലെ ലോങ് മാർച്ചിന് സമാനമായി ഡൽഹിയിലും വമ്പിച്ച പരിപാടി ആലോചിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.