ന്യൂഡൽഹി∙ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നതു സംബന്ധിച്ച കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ആത്മഹത്യയ്ക്ക് അർധരാത്രി ഒരുക്കം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണിത്. എന്നാൽ വീട്ടിലെ ഗ്രില്ലിൽ കഴുത്തിൽ കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതൽ കരുത്തരായി ‘പുനർജനിക്കുമെന്നായിരുന്നു’ എല്ലാവരും കരുതിയിരുന്നത്. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു ‘ആചാര’ത്തിനു മേൽനോട്ടം വഹിച്ചതെന്നും പൊലീസ് പറയുന്നു.
ജൂൺ 30നു രാവിലെയാണ് ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം(12), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.
അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നൽകിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവൻ നൽകണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും വിശ്വസിപ്പിച്ചിരുന്നത്.
കുടുംബത്തിലെ മുതിർന്ന അംഗം നാരായണി ദേവിയുടെ മകനാണ് ലളിത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിർദേശങ്ങൾ തരുന്നതെന്നായിരുന്നു ഇയാൾ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാൾ ഉറപ്പു നൽകിയിരുന്നതായും ഡയറിയിലെ വിവരങ്ങൾ പറയുന്നു. ‘ഒരു കപ്പില്‍ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്പോൾ ഞാൻ നിങ്ങളെ രക്ഷിക്കാനെത്തും’ എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളിൽ ലളിത് എഴുതിയിട്ടുണ്ട്. അവസാന ‘കർമ’വും പൂർത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകൾ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനർജന്മ വിശ്വാസത്തിലേക്കു വിരൽ ചൂണ്ടുന്നത്.
Read: മനഃശാസ്ത്ര പോസ്റ്റ്മോർട്ടത്തിന് പൊലീസ്
11 വർഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തു. ഇതിൽ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂൺ 30നായിരുന്നു അവസാനമായി എഴുതിയത്. അന്ന് അർധരാത്രിയാണു കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുൻവശം കാണാവുന്ന സിസിടിവിയിൽ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഡയറിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമായി ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ജൂൺ 30നു രാത്രി സംഭവിച്ച കാര്യങ്ങളിൽ പൊലീസ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.
വീടിനു താഴെയുള്ള ഫർണിച്ചർ സ്റ്റോറിൽ നിന്ന് രാത്രി പത്തോടെ കുടുംബത്തിലെ ഒരു വനിത മുകളിലെ നിലയിലേക്കു സ്റ്റൂളുകൾ കൊണ്ടുവരുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ പത്തേകാലോടെ, കുടുംബത്തിലെ ഇളയ കുട്ടികൾ ധ്രുവും ശിവവും കയറുകളുമായി വരുന്നു. പത്തരയ്ക്കു സമീപത്തെ ഹോട്ടലിലേക്ക് 20 റൊട്ടി വേണമെന്ന ഓർഡറെത്തി. ഋഷി എന്ന ചെറുപ്പക്കാരൻ റൊട്ടി വീട്ടിലെത്തിച്ചു നൽകി– അപ്പോൾ സമയം 10.45. വീട്ടുകാർ റൊട്ടി വാങ്ങുമ്പോൾ അസ്വാഭാവികമായ യാതൊന്നും തനിക്കു തോന്നിയില്ലെന്നു ഋഷി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. റൊട്ടിയുടെ വിലയായ 200 രൂപ വാങ്ങി തിരികെ പോവുകയും ചെയ്തു.
Read: ആ ദുരൂഹ ഡയറിത്താളുകൾ
10.57ന് നാരായണി ദേവിയുടെ മൂത്തമകൻ ഭുവനേഷ് കാവൽനായയുമായി മുറ്റത്ത് ഉലാത്താനിറങ്ങി.11.04ന് തിരിച്ചെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ ഒരാളെ കാണുന്നത് ജൂലൈ ഒന്നിനു പുലർച്ചെ 5.56നാണ്. പാൽവണ്ടിയിൽ നിന്ന് പാലിറക്കി മടങ്ങുന്ന ദൃശ്യങ്ങളായിരുന്നു അത്. 7.14ന് അയൽക്കാരൻ വീട്ടിലേക്കു കയറുന്നു, പൊലീസെത്തുന്നു.
രാത്രി ഒരു മണിയോടെയാണ് കൂട്ട ആത്മഹത്യയെന്നു വ്യക്തമാക്കുന്ന തെളിവുകൾ ഡയറിയിലുണ്ട്. ‘ഭഗവാൻ കാ രാസ്താ’ (ദൈവത്തിന്റെ വഴി) എന്ന പേരിലായിരുന്നു ജൂൺ 30ലെ ഡയറിക്കുറിപ്പ്. ഗ്രില്ലിൽ ഒൻപതു പേർ തൂങ്ങിക്കിടക്കണമെന്നായിരുന്നു ഒരു നിർദേശം.
ലളിതിന്റെ വിധവയായ സഹോദരിയും മൂത്ത സഹോദരൻ ഭുവനേഷും വീട്ടിലെ ചെറിയ അമ്പലത്തിനു സമീപം വേണമെന്നും പറയുന്നു. പത്തു മണിക്ക് ഭക്ഷണം ഓർഡർ ചെയ്യണമെന്നും കുറിപ്പിലുണ്ട്. അമ്മ വേണം റൊട്ടി എല്ലാവർക്കും നൽകാൻ. ‘അവസാന ക്രിയ’ ഒരു മണിക്കു ചെയ്യണമെന്നും ഡയറിയിലെഴുതിയിരിക്കുന്നു. മുഖവും കണ്ണും ചെവിയുമെല്ലാം മൂടിക്കെട്ടണമെന്നും നിർദേശമുണ്ട്.. അഞ്ച് സ്റ്റൂളുകളാണ് മരിക്കാൻ ഉപയോഗിച്ചത്.
വീടിനു മുകളിലെ ഗ്രില്ലിലായിരുന്നു എട്ടു പേർ തൂങ്ങി നിന്നത്. ഇതിനു നാല് സ്റ്റൂളുകൾ ഉപയോഗിച്ചു. രണ്ടു പേർ സമീപത്തെ അമ്പലത്തിലും ഒരു ചെറിയ സ്റ്റൂൾ ഉപയോഗിച്ചു മരിച്ചു. നാരായണി ദേവി മുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. ലളിതിന്റെ ഭാര്യ ടിന ഒഴികെ ബാക്കിയെല്ലാവരുടെയും കണ്ണും മുഖവും കെട്ടിയ നിലയിലായിരുന്നു. എല്ലാവരെയും കെട്ടിയിട്ടത് ടിനയാണെന്നാണു കരുതുന്നത്.